കൊല്ലം: സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ സംസ്ഥാനത്തിനായെന്ന് മന്ത്റി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും ദാരിദ്റ്യലഘൂകരണ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്റ്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി ലൈഫ്​ ഗുണഭോക്താക്കൾക്കുള്ള പദ്ധതി ബോധവത്കരണവും ഭരണഘടനാ സാക്ഷരത പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീട്, ഭൂമി, ചികിത്സാ സഹായം, അതിദരിദ്റർക്ക് കൈത്താങ്ങ് തുടങ്ങി സമസ്ത മേഖലകളേയും സ്പർശിക്കുന്ന സഹായ പ്രവർത്തനമാണ് തടസമില്ലാതെ തുടരുന്നത്. ലൈഫ് ഗുണഭോക്താക്കൾക്ക് വീടിന്റെ പ്രതീകാത്മക താക്കോൽദാനവും ഭൂരേഖ കൈമാ​റ്റവും മന്ത്റി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ അദ്ധ്യക്ഷനായി. അസിസ്​റ്റന്റ് കളക്ടർ ഡോ. അരുൺ എസ്.നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷരായ ഡോ. പി.കെ. ഗോപൻ, അനിൽ എസ്.കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്താ രമേശ്, ദാരിദ്റ്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ടി.കെ. സയൂജ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്​റ്റ്യൻ, ജില്ലാ വനിതാക്ഷേമ ഓഫീസർ ആർ. സുലജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ. ആമിന തുടങ്ങിയവർ സംസാരിച്ചു.