കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിൽ ആറര ലക്ഷം തൊഴിൽ ദിനങ്ങൾ, 24 മണിക്കൂറും വെ​റ്ററിനറി പൊളി ക്ലിനിക് സേവനം, ഭവന പുനരുദ്ധാരണം, ജലാശയങ്ങളുടെ നവീകരണം തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ചവറ ബ്‌ളോക്ക് പഞ്ചായത്ത് ബഡ്ജ​റ്റിന് അംഗീകാരം.

ക്ഷീര കർഷകർക്ക് വർഷം മുഴുവൻ സമ്പൂർണ പാൽ സബ്‌സിഡി ബ്ലോക്ക് വിഹിതം, വനിതാ സംരംഭകർക്കു തൊഴിൽ സംരംഭം, എല്ലാ ബ്ലോക്ക് ഡിവിഷനിലും ഹൈടെക് അങ്കണവാടികൾ, മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ഉപകരണങ്ങൾ, സമ്പൂർണ പാർപ്പിട പദ്ധതി, നീന്തൽ, കയാക്കിംഗ് പരിശീലന കേന്ദ്രങ്ങൾ, പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം, ഭിന്നശേഷി കുട്ടികൾക്ക് ആധുനിക സൗകര്യത്തോടെ സ്വപ്ന കൂടാരം, ശ്രുതി തരംഗം സാന്ത്വനം പദ്ധതികൾ,​ കോക്ലിയർ ഇംപ്ലാന്റേഷൻ കഴിഞ്ഞ കുട്ടികൾക്ക് സഹായം, പ്രധാന സ്​റ്റേഷനുകളിൽ ടേക്ക് എ ബ്രേക്ക്, ഗ്രന്ഥശാലകൾക്ക് അടിസ്ഥാന സൗകര്യ വികസനം, നീണ്ടകര താലൂക്ക് ആശുപത്രിയിൽ ട്രോമകെയർ യൂണി​റ്റ്, പൊതുസ്ഥാപനങ്ങളിൽ ഇളനീർ തൊപ്പ്, ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം തുടങ്ങിയവ ബഡ്ജ​റ്റിലെ പ്രധാന നിർദ്ദേശങ്ങളായി.

43 കോടിവരവും 42 കോടി ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജ​റ്റാണ് വൈസ് പ്രസിഡന്റ് സോഫിയ സലാം അവതരിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കച്ചി പ്രഭാകരൻ, തുളസീധരൻ പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, നിഷാ സുനീഷ്, ഷാജി എസ്. പള്ളിപ്പാടൻ, ആർ. ജിജി, പ്രിയാ ഷിനു, സുമയ്യ അഷ്റഫ്, സജി അനിൽ, ആർ രതീഷ്, സീനത്ത് തുടങ്ങിയവർ പങ്കെടുത്തു.