കൊല്ലം: വൈദ്യുതീകരണം പൂർത്തിയാക്കിയ കൊല്ലം- പുനലൂർ റെയിൽ പാതയിൽ ഇലക്ട്രിക് എൻജിന്റെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയിട്ടും പുനലൂരിൽ റെയിൽവേ നിർമ്മിക്കുന്ന പുതിയ 110 കെ.വി സബ്‌സ്റ്റേഷന് വൈദ്യുതി വകുപ്പിന്റെ അനുമതി ഇനിയും ലഭ്യമായില്ല. കൊല്ലം പെരിനാട് സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്.
കൊല്ലം - ചെങ്കോട്ട പാതയിൽ പൂർണമായി വൈദ്യുതി എത്തിക്കാനാണ് പുനലൂരിൽ 110 കെ.വി സബ് സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചത്. ഇവിടേക്ക് വൈദ്യുതി എത്തിക്കാൻ, കഴിഞ്ഞ സെപ്തംബറിൽ 27.05 കോടി രൂപയുടെ അടങ്കൽ തയ്യാറാക്കി സമർപ്പിച്ചിരുന്നു. കെ.എസ്.ഇ.ബിയുടെ പുനലൂർ 25 മെഗാവാട്ട് സബ് സ്റ്റേഷനിൽ നിന്ന് മൂന്നര കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ച് റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി എത്തിക്കാനായിരുന്നു പദ്ധതി. സബ് സ്റ്റേഷൻ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണെങ്കിലും കെ.എസ്.ഇ.ബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് റെയിൽവേ. രണ്ടു മാസത്തിനുള്ളിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അടുത്ത മാസത്തോടെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കാനാവും.