കുന്നിക്കോട് : കോലിഞ്ചിമലയിലെ പാറക്വാറിയുടെ പ്രവർത്തനം നിറുത്തിവെക്കുന്നതിന് വേണ്ടി സ്റ്റോപ്പ് മെമ്മോ നൽകും. ശനിയാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭരണ-പ്രതിപക്ഷ എതിർപ്പില്ലാതെ സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിച്ചത്. കൂടാതെ ഹൈക്കോടതി അഭിഭാഷകൻ ജോർജ് മാത്യുവിനെ സ്റ്റാൻഡിംഗ് കൗൺസലായി നിയമിക്കാനും തീരുമാനിച്ചു.
ക്വാറിയുടെ പ്രവർത്തനത്തിനെതിരേ പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്താൽ വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടിന്റെയും വാർഡംഗം റജീന തോമസിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് സമിതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ക്വാറിക്കുള്ളിൽ അനധികൃതമായി കെട്ടിട നിർമ്മാണം നിറുത്തി വെക്കുന്നതിന് മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ അത് വകവെയ്ക്കാതെ കെട്ടിട നിർമ്മാണം തുടർന്നു. സ്ഫോടക വസ്തുക്കളുപയോഗിച്ച് പാറ പൊട്ടിക്കുന്നത് മൂലം സമീപത്തുള്ള വീടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ക്വാറിയുടെ സമീപത്തുള്ള അഗതി മന്ദിരത്തിന്റെയും ദേവാലയങ്ങളിലെയും ഭാരവാഹികൾ നൽകിയ പരാതിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സ്റ്റോപ്പ് മെമ്മോ കൂടാതെ പാറക്വാറിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നോട്ടീസ് നൽകാനും യോഗത്തിൽ തീരുമാനിച്ചു. വരും ദിവസം നോട്ടീസ് നൽകും. ലൈസൻസ് റദ്ദാക്കാതിരിക്കണമെങ്കിൽ ഒരാഴ്ചക്കകം ക്വാറിയുടമകൾ വ്യക്തമായ കരണം ബോധിപ്പിക്കണം. അതേ സമയം പാറക്വാറിയുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോലിഞ്ചിമല സംരക്ഷണസമിതി പ്രവർത്തകരും പ്രദേശവാസികളും വിളക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കാനെത്തി. എന്നാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അവരെ ഉച്ചയ്ക്ക് നടക്കാൻ പോകുന്ന ഭരണ സമിതി യോഗത്തിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നൽകി മടക്കിയയച്ചു.