photo
Photo

ശാസ്താംകോട്ട: സ്വന്തം മകൾക്കൊപ്പം മറ്റ് മൂന്ന് പെൺകുട്ടികളുടെയും കൂടി വിവാഹം നടത്തി ശാസ്താംകോട്ട മൈനാഗപ്പള്ളി കുറ്റിയിൽ സി.വൈ.നിസാമിന്റെ മാതൃക. കൊല്ലം പ്രോഗ്രസീവ് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ജമാഅത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റ്, എം.ഇ.എസ് കുന്നത്തൂർ താലൂക്ക് പ്രസിഡന്റ് കുന്നത്തൂർ താലൂക്ക് വികസന സമിതി അംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്ന സി.വൈ. നിസാമിന്റെ മകൾ ഡോ.റാണി നിസാമിന്റെ വിവാഹത്തോടനുബന്ധിച്ചാണ് മൂന്ന് പെൺകുട്ടികളുടെകൂടി വിവാഹം നടത്തിയത്. സാമ്പത്തിക പ്രയാസം കാരണം വിവാഹം വൈകുന്ന മൂന്ന് യുവതികൾക്കാണ് നിസാമും കുടുംബവും കൈത്താങ്ങായത്. റാണി നിസാമിന്റെ വിവാഹം കഴിഞ്ഞ ഞായറാഴ്ച കരുനാഗപ്പള്ളിയിൽ വച്ചും മറ്റ് യുവതികളുടെ വിവാഹം ഇന്നലെ ആഞ്ഞിലിമൂട് ലേക്ക് വ്യൂ കൺവെൻഷൻ സെന്ററിലുമാണ് നടന്നത്. മൈനാഗപ്പള്ളി, തേവലക്കര, തൊടിയൂർ സ്വദേശിനികളായ ഒരു ഹിന്ദു യുവതിയുടെയും രണ്ട് മുസ്ലീം യുവതികളുടെയും വിവാഹം അവരുടെ മതാചാരപ്രകാരമാണ് നടത്തിയത്. എം.എൽ.എ മാരായ കോവൂർ കുഞ്ഞുമോൻ, ഡോ.സുജിത് വിജയൻ പിള്ള, മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ ,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ. ഗോപൻ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം.സെയ്ദ് ,ഡോ.സി.ഉണ്ണികൃ ഷ്ണൻ, ഗീത, എസ്.ശ്രീകുമാർ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വൈ.എ. സമദ്, ടി.ആർ. ശങ്കരപിള്ള, ഡോ.അമീൻ ,വലിയത്ത് ഇബ്രാഹിംകുട്ടി, മക്ക അബ്ദുൽ വഹാബ്, കുറ്റിയിൽ ശ്യാം തുടങ്ങി നൂറ് കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നത്.