ചാത്തന്നൂർ: കാർഷിക മേഖലയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉത്പാദനവും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കാനും തരിശ് ഭൂമി പൂർണമായും കൃഷിയോഗ്യമാക്കാനും ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പു വരുത്താനും ലക്ഷ്യമിട്ട് ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ അവതരിപ്പിച്ച 35.46 കോടിയുടെ ബഡ്ജറ്റിന് അംഗീകാരം. 30.97 കോടി ചെലവും 4.48 കോടി മിച്ചവും പ്രതീക്ഷിക്കുന്നു.
കാർഷിക മേഖലയിൽ 1.35 കോടി, ക്ഷീരവികസനത്തിനും മൃഗസംരക്ഷണത്തിനും 1.20 കോടി, കന്നുകുട്ടി പരിപാലനത്തിന് 18 ലക്ഷം, കാലി വളർത്തൽ, രോഗ നിയന്ത്രണം, പശ്ചാത്തല സൗകര്യമൊരുക്കൽ എന്നിവയ്ക്കായി 55 ലക്ഷം, തീറ്റപ്പുൽ കൃഷിക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി 32 ലക്ഷം എന്നിങ്ങനെയാണ് നീക്കിവച്ചിരിക്കുന്നത്. ഭവന നിർമ്മാണ പദ്ധതിക്കായി പദ്ധതി വിഹിതത്തിന്റെ 20 ശതമാനവും ഹഡ്കോ വായ്പയുൾപ്പെടെ ആറ് കോടിയും ആരോഗ്യ, ശുചിത്വ, പകർച്ചവ്യാധി നിയന്ത്രണം എന്നിവയ്ക്കായി 1.7 കോടിയും നീക്കി വച്ചിട്ടുണ്ട്. സ്പോർട്സ്, യുവജനക്ഷേമ പ്രവർത്തനങ്ങൾക്കായി 11 ലക്ഷവും വൃദ്ധക്ഷേമ പദ്ധതികൾക്കായി 20 ലക്ഷവും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 60 ലക്ഷവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഇല്ലാത്ത എല്ലാ അങ്കണവാടികൾക്കും ഭൂമിയും കെട്ടിടം ഇല്ലാത്തവയ്ക്ക് കെട്ടിടവും തുടങ്ങി ശിശുക്ഷേമ പരിപാടികൾക്കായി 5 ലക്ഷം, റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്ക്കായി 2.20 കോടി, പട്ടികജാതി ക്ഷേമത്തിനായി ഒരു കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് ദിജു അദ്ധ്യക്ഷത വഹിച്ചു.