 
കുന്നിക്കോട് : ആവണീശ്വരം റെയിൽവേ സ്റ്റേഷനിലെ കാൽനട യാത്രികർക്കുള്ള നടപ്പാലം യാഥാർത്ഥ്യമായില്ല. ഇതിനോടൊപ്പമുള്ള മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും നടപ്പാലത്തിന്റെ നിർമ്മാണം മാത്രം പാതിവഴിക്ക് ഉപേക്ഷിച്ച മട്ടാണ്. കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് ആവണീശ്വരം റെയിൽവേ സ്റ്റേഷൻ. കൊവിഡ് കാലത്തിന് മുൻപ് തുടങ്ങിയതാണ് നടപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ. നിരവധി തവണ വിവിധ കാരണത്താൽ നിർമ്മാണം നിറുത്തി വെച്ചു. ലോക്ക് ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങിയ അന്യദേശ തൊഴിലാളികൾ തിരികെയെത്താൻ വൈകിയത് കാരണം ഏറെക്കാലം നിർമ്മാണ ജോലികൾ നിറുത്തിവെക്കേണ്ടി വന്നു. നിർമ്മാണം ദീർഘമാകാൻ കാരണമതാണെന്നാണ് അധികൃതർ ഇതുവരെ പറഞ്ഞിരുന്നത്.
നിർമ്മാണത്തിന് തടയിട്ട് വൈദ്യുതീകരണം
കൊല്ലം-പുനലൂർ റെയിൽപാത വൈദ്യുതീകരിക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പാല നിർമ്മാണം നിലവിൽ നിറുത്തി വെയ്ക്കാനുള്ള കാരണമെന്ന് അധികൃതർ പറയുന്നു. വൈദ്യുത കമ്പികളുടെ ഉയരം കണക്കാക്കി വേണം നടപ്പാലത്തിന്റെ ഉയരം ക്രമീകരിക്കാൻ. ഈ പാതയിൽ നിലവിൽ നടപ്പാലം നിർമ്മിച്ചിട്ടുള്ള റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയാണ് വൈദ്യുത കമ്പികൾ പാലത്തിന്റെ കീഴിലൂടെ കടത്തിവിടുന്നത്. ആ സങ്കീർണത ഒഴിവാക്കാനാണ് വൈദ്യുത കമ്പികൾ സ്ഥാപിച്ചതിന് ശേഷം നടപ്പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ റെൽവേ ഇലട്രിഫിക്കേഷൻ വിഭാഗം അത് നിഷേധിച്ചിട്ടുണ്ട്. വൈദ്യുത കമ്പികൾ വലിക്കുന്നതുമായി നടപ്പാത നിർമ്മാണത്തിന് യാതൊരു ബന്ധവും ഇല്ലെന്നാണ് അവരുടെ വിശദീകരണം.
വലയുന്നത് യാത്രക്കാർ
പത്തനാപുരം താലൂക്കിലെ പ്രധാന റെയിൽവേ സ്റ്റേഷൻ കൂടിയാണ് ആവണീശ്വരത്തുള്ളത്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് കൊല്ലം-ചെങ്കോട്ട ഭാഗത്തേക്ക് യാത്ര ചെയ്യാൻ ഇവിടെ എത്തുന്നത്. അതിൽ ദിവസംതോറും യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും മുതൽ ദീർഘദൂര യാത്രികർ വരെയുണ്ട്. നിലവിൽ പന്ത്രണ്ട് ട്രെയിൻ സർവ്വീസുകളാണ് ഇതുവഴി കടന്ന് പോകുന്നത്. റെയിൽവേപാത വൈദ്യുതീകരിക്കുന്നതോടെ കൂടുതൽ ട്രെയിൻ സർവീസും ആരംഭിക്കും. ദീർഘദൂര യാത്രികർ തങ്ങളുടെ ലഗേജുകൾ ചുമന്ന് അര കിലോമീറ്ററോളം അധികം ചുറ്റിക്കറങ്ങിയാണ് ഒരു പ്ലാറ്റ്ഫോമിൽ നിന്ന് മറ്റേതിൽ എത്തിച്ചേരുന്നത്. കൂടാതെ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടിയതോടെ റെയിൽപ്പാളം മുറിച്ച് കടക്കാനും ബുദ്ധിമുട്ടാണ്.