കൊല്ലം: ലോകനാടകദിനത്തിൽ പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്കാരിക
കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം റെഡ്ക്രോസ് ഹാളിൽ സംഘടിപ്പിച്ച പ്രതിഭകളായ നാടകകലാകാരന്മാരുടെ സംഗമവും ആദരസമർപ്പണവും മുതിർന്ന അഭിനയപ്രതിഭ വിജയകുമാരി ഒ. മാധവൻ ഉദ്ഘാടനം ചെയ്തു.
നാടകാനുഭവങ്ങൾ പങ്കുവച്ച കലാകാരന്മാരുടെ സംഗമത്തിൽ വിജയകുമാരിയെ കൂടാതെ അഡ്വ. മണിലാൽ, അഡ്വ. വെൺകുളം ജയകുമാർ, സേതുലക്ഷ്മി, കെ.പി.എ.സി രാജേന്ദ്രൻ, തോമ്പിൽ രാജശേഖരൻ, കൊല്ലം ഫസിൽ, ഇടവാ ബഷീർ, കോട്ടയം ആലീസ്, കൊല്ലം ജയചന്ദ്രൻ, ട്യൂണാ അശോകൻ, പ്രസന്ന സായി, പുനലൂർ പ്രസന്ന എന്നിർവർക്ക് ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രം ആദരിക്കുകയും
ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് വിഷുക്കൈനീട്ടം നൽകുകയും ചെയ്തു. പ്രൊഫ. ജി. മോഹൻദാസ്, എസ്.സുവർണ്ണകുമാർ, എസ്. അജയകുമാർ എന്നിവർ കലാകാരന്മാരെ ആദരിച്ചു. സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ നാടകനടനും സംവിധായകനുമായ കബീർദാസിനെയും ആദരിച്ചു.
നാടക രചയിതാവ് അഡ്വ. മണിലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും ജോർജ്ജ് എഫ്. സേവ്യർ വലിയവീട് നന്ദിയും പറഞ്ഞു. കലാസാംസ്കാരിക കേന്ദ്രം ചെയർമാൻ കെ.പി.എ.സി. ലീലാകൃഷ്ണൻ, സെക്രട്ടറി അനിൽ ആഴാവീട്, ബി. പ്രദീപ്, റാണി നൗഷാദ് തുടങ്ങിയവരും സംസാരിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു.