ചാത്തന്നൂർ: വേളമാനൂർ മണ്ണാർക്കാട് ഏലയിലെ പച്ചക്കറിത്തോട്ടം കാട്ടുപന്നി നശിപ്പിച്ചു. ഗുരുകടാക്ഷം വീട്ടിൽ ലിസി രാജൻ 20 സെന്റിൽ നടത്തിയ പച്ചക്കറി കൃഷിയാണ് നശിച്ചത്.

ഇഞ്ചി, പയർ, പാവൽ, മുളക്, വെണ്ട, വെള്ളരി തുടങ്ങി നിരവധി ഇനങ്ങളാണ് ലിസി കൃഷി ചെയ്തിരുന്നത്. ഇതിൽ നിന്ന് കിട്ടുന്ന ആദായമാണ് ജീവിതമാർഗം. ഒട്ടുമിക്കവയും വിളവെടുപ്പിനു പാകമായിരുന്നു. എല്ലാദിവസവും രാവിലെയും വൈകുന്നേരവും തോട്ടത്തിൽ വെള്ളം കോരി നനച്ചാണ് കൃഷി നടത്തിയിരുന്നത്. ജൈവവളം ഉപയോഗിക്കുന്നതുകൊണ്ട് വിളവെടുപ്പ് സമയത്ത് ലിസിയുടെ തോട്ടത്തിൽ പച്ചക്കറി വലിയ തിരക്കാണ് ഉണ്ടാവുന്നത്. കൃഷി നശിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ വിലപിക്കുകയാണ് ഈ കർഷക.