gas

കൊല്ലം: പാചകവാതക, ഇന്ധന വിലവർദ്ധന കുടുംബ ബഡ്ജറ്റുകളുടെ സകല താളവും തെറ്റിക്കുന്നു. പഴയ കണക്കുകൂട്ടലുകൾ പ്രകാരം മുന്നോട്ടു പോകാനാവാത്ത അവസ്ഥ. തിരിച്ചും മറിച്ചും കൂട്ടിനോക്കിയിട്ടും 'ശിഷ്ടം' വരുന്നത് ബാദ്ധ്യത മാത്രം.

വീട്ടാവശ്യത്തിനുള്ള ഒരു സിലണ്ടർ കഷ്ടിച്ച് ഒരുമാസത്തേക്കു മാത്രമേ തികയൂ. പെട്രോൾ, ഡീസൽ വില വർദ്ധന എല്ലാ മേഖലയെയും ബാധിച്ചു കഴിഞ്ഞു. ഇന്നലെ ഒരു ലിറ്റർ പെട്രോളിന് 55 പൈസയും ഡീസലിന് 58 പൈസയും വർദ്ധിപ്പിച്ചു.

ഇരുചക്ര വാഹനമില്ലാത്ത വീടുകൾ ചുരുക്കമാണ്. മൂന്നും നാലും വാഹനങ്ങളുള്ളവരും കുറവല്ല. സ്വന്തം വാഹനങ്ങളിൽ ഓഫീസുകളിലും മറ്റും പോകുന്നവരെ ഇന്ധനവില വർദ്ധന കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ടാക്സി, ഓട്ടോറിക്ഷ മേഖലകളെയും വിലവർദ്ധന ആശങ്കയിലാക്കി.

'ചൂടൻ' യാത്ര

ബസ് യാത്രാനിരക്ക് കൂട്ടാനുള്ള ആലോചനയിലാണ് സർക്കാർ. പ്രഖ്യാപിക്കുന്ന തീയതിയും പുതിയ നിരക്കും മാത്രം അറിഞ്ഞാൽ മതി. രണ്ട് ദിവസം സ്വകാര്യ ബസുകൾ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചത് നിരക്ക് കൂട്ടാമെന്ന ഉറപ്പിലാണ്. ഇതോടെ സാധാരണക്കാർക്ക് ബസ് യാത്രയും നീറുന്ന ഒന്നാവും. കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചപ്പോഴും യാത്രക്കാർക്ക് ഇരുട്ടടി കിട്ടിയിരുന്നു. ട്രെയിൻ ടിക്കറ്റ് നിരക്കുകൾ തോന്നുംപടിയാണ് വർദ്ധിപ്പിച്ചത്.

# ഇന്ധന വില (ലിറ്റർ)

 ഡീസൽ: ₹ 97,10

 പെട്രോൾ: ₹ 109.97

 പാചകവാതകം: ₹ 962.50

 19 കിലോ വാണിജ്യ സിലിണ്ടർ: ₹ 2007