ചവറ: കൊവിഡ് വ്യാപനത്തെത്തുടർന്ന് നിറുത്തലാക്കിയ തിരുവനന്തപുരം -തെക്കുംഭാഗം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവീസ് പുനരാരംഭിക്കണമെന്ന് തെക്കുംഭാഗം ഇ.എം .എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി (കാസ്കറ്റ്) വാർഷിക പൊതുയോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തെക്കുംഭാഗം, മുകുന്ദപുരം, കൊട്ടുകാട്, ചവറ ഭരണിക്കാവ് പ്രദേശങ്ങളിലുള്ളവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ആർ.സി.സിയിലും പോകാൻ ആശ്രയിച്ചിരുന്ന സർവീസാണിത്.
കരുനാഗപ്പള്ളി-തെക്കുംഭാഗം കെ.എസ്.ആർ.ടി.സി സ്റ്റേ സർവീസ് പുനരാരംഭിക്കുക, തെക്കുംഭാഗം സാമൂഹ്യാരോഗ്യ കേന്ദ്രം ആർദ്രം മിഷൻ പദ്ധതിയിലുൾപ്പെടുത്തി സായാഹ്ന ഒ.പി ആരംഭിക്കുക, അഷ്ടമുടിക്കായൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ആർ .ഷാജി ശർമ അദ്ധ്യക്ഷനായിരുന്നു. ടി.ചന്ദ്രൻപിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. സി. ശശിധരൻ റിപ്പോർട്ടും ഫെലിക്സ് ജോസഫ് കണക്കും അവതരിപ്പിച്ചു. ഡോ. പത്മകുമാർ, ടി. പ്രദീപ്, പി. ഷാജി, കെ .എസ്. അനിൽ, ആർ. രാജി, എസ്. മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ .ഷാജി ശർമ (പ്രസിഡന്റ്), അഡ്വ.ഹരിപ്രസാദ്, എസ്. മോഹനൻ (വൈസ് പ്രസിഡന്റുമാർ), സി. ശശിധരൻ (സെക്രട്ടറി), ആർ. രാജി, സജികുമാർ (ജോയിന്റ് സെക്രട്ടറിമാർ), ഫെലിക്സ് ജോസഫ് (ട്രഷറർ).