കൊല്ലം: സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുന്നവർക്കും എല്ലാ തൊഴിൽ അവകാശങ്ങളുമുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അഭിപ്രായപ്പെട്ടു. മാനേജ്മെന്റിൽ നിന്നു തൊഴിൽ പീഡനം അനുഭവിക്കുന്ന അദ്ധ്യാപികയ്ക്ക് ആവശ്യമെങ്കിൽ പൊലീസിനെയും ജില്ലാ ലേബർ ഓഫീസറെയും സമീപിക്കാമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കൊല്ലം ഓക്സ്ഫോർഡ് സ്കൂളിലെ ഹിന്ദി അദ്ധ്യാപിക സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരീക്ഷാ സമയത്ത് അവധിയെടുത്തതുകൊണ്ടാണ് പരാതിക്കാരിക്കെതിരെ നടപടി സ്വീകരിച്ചതെക്ക് സ്കൂൾ മാനേജ്മെന്റ് കമ്മിഷനെ അറിയിച്ചു. എന്നാൽ കൊട്ടിയം പൊലീസ് ഇടപെട്ടിട്ടും പരാതി പരിഹരിക്കപ്പെട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചു. സ്കൂൾ മാനേജ്മെന്റുമായി സംസാരിച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.