 
കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ സംഘടിപ്പിച്ച പൊതു പണിമുടക്ക് കരുനാഗപ്പള്ളിയിൽ പൂർണം. കരുനാഗപ്പള്ളി ടൗണും മാർക്കറ്റും പൂർണമായും സ്തംഭിച്ചു. ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും തുറന്ന് പ്രവർത്തിച്ചു. ജീവനക്കാരുടെ സംഘടനകളും അദ്ധ്യാപക യൂണിയനുകളും സമരത്തിൽ കണ്ണികളായതോടെ സർക്കാർ ഓഫീസുകളും സ്കൂളുകളും കൂടാതെ ധനകാര്യ സ്ഥാപനങ്ങളും എൽ.ഐ.സി ഉൾപ്പെടുയുള്ള പൊതു മേഖലാ സ്ഥാപനങ്ങളും തുറന്നില്ല.
ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും വല്ലപ്പോഴും മാത്രമാണ് ദേശീയപാതയിലൂടെ കടന്ന് പോയത്.
പൊലീസ് കാവൽ
കരുനാഗപ്പള്ളി ടൗൺ രാവിലെ മുതൽ വിജനമായിരുന്നു. ബസ് സർവീസ്ഇല്ലാത്തതിനാൽ യാത്രക്കാർ ആരും തന്നെ ടൗണിൽ എത്തിയില്ല. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകളും പണിമുടക്കിന്റെ ഭാഗമായി. ഓട്ടോ റിക്ഷകളും ടാക്സി കാറുകളും നിരത്തിൽ ഇറങ്ങിയില്ല. എല്ലാ പൊതുമേഖലാ സ്ഥാപങ്ങൾക്കും ബാങ്കുകൾക്കും മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പൊലീസിന്റെ വാഹനങ്ങൾ തുടർച്ചയായി ടൗണിലും ഗ്രാമ പ്രദേശങ്ങളിലും പട്രോളിംഗ് നടത്തി.
പ്രതിഷേധ യോഗം
രാവിലെ 10 മണിയോടെ കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിന് മുന്നിൽ നിന്ന് സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ആരംഭിച്ചു. നൂറ് കണക്കിന് തൊഴിലാളികൾ പ്രകടനത്തിൽ പങ്കെടുത്തു. ടൗൺ ചുറ്റി പ്രതിഷേധ പ്രകടനം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടത്തൂർ മൺസൂർ അദ്ധ്യക്ഷനായി. ട്രേഡ് യൂണിയൻ നേതാക്കളായ കെ.പി.വിശ്വവത്സലൻ, ചിറ്റുമൂല നാസർ. പി.ആർ.വസന്തൻ, വി.ദിവാകരൻ, എ.അനിരുദ്ധൻ, പി.രാജു,റെജി ഫോട്ടോ പാർക്ക്, കരുമ്പാലിൽ സദാനന്ദൻ, താസ്ക്കന്റ്, ആർ.ദേവരാജൻ, ഷംസുദ്ദീൻ മുസലിയാർ,വിനോദ്, എൻ.അജയകുമാർ, ബഷീർ, നൂർദ്ദീൻ, സലിം തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നും സമരം തുടരും.