കൊല്ലം: ബീച്ച് റോഡിലെ കൊച്ചുപിലാംമൂട് പാലം നവീകരണ ജോലികൾക്കായി ഇന്ന് അടച്ചേക്കും. ജോലികൾ ആരംഭിക്കാൻ തടസം നേരിട്ടാൽ അടയ്ക്കുന്നത് ഒരു ദിവസം കൂടി നീട്ടും. 12 ദിവസത്തേക്കാവും ഗതാഗതം നിരോധനം.
പാലത്തിൽ ഇളകി മാറിയ എക്സ്പാൻഷൻ ജോയിന്റുകൾ ഉറപ്പിക്കുന്ന ജോലികളാവും നടത്തുക. രണ്ട് ജോയിന്റുകൾ ഇളകി ഗതാഗതം ദുഷ്കരമായ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി വേണ്ടിവന്നത്. തീരമേഖലയിലേക്കുള്ള ഈ പാലം അടച്ചിടുന്നതോടെ ഒന്നര ആഴ്ച ഇവിടെ യാത്ര ദുരിത പൂർണമാകും. റെയിൽവേ ഓവർബ്രിഡ്ജിനൊപ്പം കൊച്ചുപിലാംമൂട് പാലവും അടച്ച് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ എതിർപ്പു കാരണം മാറ്റി വയ്ക്കുകയായിരുന്നു.
 കൊച്ചുപിലാംമൂട് പാലം അടച്ചാൽ ബീച്ചിലെത്താനുള്ള മാർഗങ്ങൾ
1. എസ്.എൻ കോളേജ് റെയിൽവേ ഗേറ്റ് വഴി മുണ്ടയ്ക്കൽ പാലം കയറി താന്നി ബീച്ച് റോഡിലെത്താം
2. ചിന്നക്കടയിൽ നിന്ന് ബെൻസിഗർ ആശുപത്രി ജംഗ്ഷൻ, താമരക്കുളം റോഡ്
3. ചിന്നക്കടയിൽ നിന്ന് പായിക്കട റോഡ് വഴി പുകയില, പണ്ടകശാല പാലം കയറി കൊച്ചുപിലാംമൂട്, പളളിത്തോട്ടം റോഡിൽ എത്താം
4. കളക്ടറേറ്റ്, വാടി, തീരദേശപാത വഴിയും ബീച്ചിൽ എത്താം