 
പത്തനാപുരം : ഗാന്ധിഭവനിലെ അന്തേവാസികൾക്ക് സമ്മാനമായി വ്യവസായപ്രമുഖനും ജീവകാരുണ്യപ്രവർത്തകനുമായ എം.എ. യൂസഫലി നിർമ്മിച്ച് നൽകുന്ന കെട്ടിട വളപ്പിൽ മന്ത്രി വീണാ ജോർജ്ജ് ഫല വൃക്ഷ തൈ നട്ട് പുതിയൊരു നന്മയ്ക്ക് തുടക്കം കുറിച്ചു. ലേബർ ഇന്ത്യയുടെ സ്ഥാപകൻ വി.ജെ. ജോർജ്ജ് കുളങ്ങര വികസിപ്പിച്ചെടുത്ത വ്യത്യസ്തയിനം പ്ലാവിൻ തൈയാണ് മന്ത്രിയും ജോർജ്ജ് കുളങ്ങരയും ചേർന്ന് നട്ടത്.
പുതുതായി ആരംഭിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തീകരണ ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ തന്നെ ഏറ്റവും നല്ല ഫല വൃക്ഷമായ പ്ലാവിൻ തൈ നട്ടതിൽ സന്തോഷമുണ്ടെന്നും വയോജന കേന്ദ്രത്തിൽ വസിക്കുവാൻ പോകുന്ന നിരാലംബരും തള്ളപ്പെട്ടവരുമായ അച്ഛനമ്മമാർക്ക് എന്നും അത് തണലേകുമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഗാന്ധിഭവനിൽ നടന്ന മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
പ്ലാവിന്റെ വേര് മുതൽ ഇല വരെ എല്ലാ ഭാഗങ്ങളും മനുഷ്യനും ജീവജാലങ്ങൾക്കും ഉപയോഗപ്രദമായതിനാലാണ് തണൽമരമായ പ്ലാവ് തന്നെ തിരഞ്ഞെടുത്തതെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ഗാന്ധിഭവൻ അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ മറ്റ് ട്രസ്റ്റ് അംഗങ്ങളും സേവനപ്രവർത്തകരും സാന്നിദ്ധ്യമായി.