 
പുനലൂർ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് കിഴക്കൻ മലയോര മേഖലയിൽ ഹർത്താലിന് സമാനമായിരുന്നു. . തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകൾക്ക് പുറമെ പുനലൂർ നഗരസഭ പ്രദേശങ്ങളിലാണ് ദേശീയ പണിമുടക്ക് ഹർത്താലായി മാറിയത്. പുനലൂർ,ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോകളിൽ നിന്ന് ബസ് സർവീസ് നിലച്ചതിന് പുറമെ സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സർക്കാർ ,സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങൾ തുറന്നില്ല. പുനലൂരിൽ മെഡിക്കൽ സ്റ്റോറുകളും ചില പെട്ടികടകളും മാത്രം തുറന്നു. അയൽ സ്ഥാനങ്ങളിൽ നിന്നും ആര്യങ്കാവ് ചെക്ക്പോസ്റ്റുകൾ വഴി കേരളത്തിലേക്ക് ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒന്നും കടന്ന് വന്നില്ല.
ബാങ്ക് ഇടപാടുകൾക്ക് കാല താമസം
സാമ്പത്തിക വർഷാവസനത്തോടെ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പൊതു പണിമുടക്ക് ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. മാർച്ച് അവസാനത്തോടെ നടത്തേണ്ട ബാങ്ക് ഇടപാടുകൾക്ക് കാല താമസം നേരിടുന്നത് കരാറുകാർ ഉൾപ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കി. പുനലൂർ ടൗൺ അടക്കമുള്ള പ്രദേശങ്ങളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും നടന്നു. പുനലൂർ ടി.ബി.ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റിയ ശേഷം പോസ്റ്റ് ഓഫീസ് കവലയിൽ സമാപിച്ചു.സി.പി.എം പുനലൂർ ഏരിയെ സെക്രട്ടറി എസ്.ബിജു, മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, സി.പി.ഐ ജില്ല കമ്മിറ്റി അംഗങ്ങളായ ജോബോയ് പേരേര, കെ.രാധാകൃഷ്ണൻ, പുനലൂർ നഗരസഭ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, യു.ഡി.എഫ് കൺവീനർ എ.എ.ബഷീർ, ഡി.ദിനേശൻ, വസന്തരഞ്ചൻ, ജെ.ഡേവിഡ്, രവീന്ദ്രൻ പിള്ള , ഇ.കെ.റോസ് ചന്ദ്രൻ തുടങ്ങിയ നിരവധി നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി.