
കൊല്ലം: പുനലൂരിൽ പാസ്പോർട്ട് സേവ കേന്ദ്രം ആരംഭിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോകസഭയിൽ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്. തൊഴിലിനും പഠനത്തിനും ഇതര ആശ്യങ്ങൾക്കുമായി കൊല്ലത്തിന്റെ കിഴക്കൻ മേഖലയിൽ നിന്ന് ധാരാളം പേർ വിദേശയാത്ര നടത്തിവരുന്നു. ഇവിടെ നിന്ന് പാസ്പോർട്ട് എടുക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.
നിലവിൽ ദീർഘ ദൂരം സഞ്ചരിച്ചാണ് പാസ്പാർട്ട് സംബന്ധമായ കാര്യങ്ങൾക്കായി ഇവർ തിരുവനന്തപുരത്തോ കൊല്ലത്തോ എത്തിചേരുന്നത്. പുനലൂരിൽ പാസ്പോർട്ട് സേവ കേന്ദ്രം വേണമെന്നത് പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണെന്നും അത് യാഥാർത്ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.