കൊട്ടാരക്കര: പണിമുടക്കിന്റെ ആദ്യദിനം കൊട്ടാരക്കരയിൽ പൂർണം. സർക്കാർ ഓഫീസുകളും ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളുമടക്കം അടഞ്ഞുകിടന്നു. അപൂർവം ചില സ്വകാര്യ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. രാവിലെ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ പ്രകടനവും യോഗവും നടത്തി. ഈ സമയത്ത് നിരത്തിലിറങ്ങിയ വാഹനങ്ങൾ തടയുകയും തിരിച്ച് വിടുകയും ചെയ്തു. പുത്തൂരിൽ തുറന്നു പ്രവർത്തിച്ച ബാങ്ക് സമരാനുകൂലികൾ ബലമായി അടപ്പിച്ചു. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവർത്തകർ ബാങ്കിനുള്ളിലേക്ക് കടന്ന് ഒച്ചപ്പാടുണ്ടാക്കിയത്. കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലുമൊക്കെ പ്രധാന കവലകളിലെല്ലാം പൊലീസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.