
 പ്ളസ് ടു പരീക്ഷ ഇന്നു തുടങ്ങും, എസ്.എസ്.എൽ.സി നാളെ
കൊല്ലം: കൊവിഡ് പ്രതിസന്ധി ഏറെക്കുറെ മറികടന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ ഇന്നുമുതൽ പരീക്ഷച്ചൂടിലമരും.
പ്ളസ് ടു പരീക്ഷ ഇന്നും എസ്.എസ്.എൽ.സി പരീക്ഷ നാളെയുമാണ് ആരംഭിക്കുന്നത്.
ജില്ലയിൽ 31,019 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്, 16,104 ആൺകുട്ടികളും 14,008 പെൺകുട്ടികളും. വെള്ളിയാഴ്ചകളിൽ രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷ. മറ്റു ദിവസങ്ങളിൽ 12.30 വരെയും. മലയാളം ഉൾപ്പെടെ ഒന്നാം ഭാഷ പാർട്ട് വൺ ആണ് ഇന്നത്തെ വിഷയം. ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി 231 പരീക്ഷാ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. കൊല്ലം വിമല ഹ്യദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് -734. മൂന്നു കുട്ടികൾ മാത്രം എഴുതുന്ന പേരയം എൻ.എസ്.എസ്, കുമ്പളം സെന്റ് മൈക്കിൾ സ്കൂളുകളിലാണ് ഏറ്റവും കുറവ് കുട്ടികൾ.
ചോദ്യപ്പേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിയിട്ടുണ്ട്. അവ ബാങ്കുകളിലേക്കും ട്രഷറികളിലേക്കും മാറ്റി. നാലെ രാവിലെ 9ഓടെ ചോദ്യപേപ്പറുകൾ സ്കൂളുകളിൽ എത്തിക്കും. പരീക്ഷാ നടത്തിപ്പിനായി ചീഫ് സൂപ്രണ്ട്, ഡപ്യൂട്ടി ചീഫ് സൂപ്രണ്ട്, പരിശോധകർ എന്നിവരുടെ നിയമനം പൂർത്തിയായി. 29 വരെയാണ് പരീക്ഷ.
# ഡി.ഇ.ഒ, സെന്ററുകളുടെ എണ്ണം, ആകെ വിദ്യാർത്ഥികൾ, ആൺ, പെൺ ക്രമത്തിൽ
 കൊല്ലം: 112, 16565 , 8595, 7069
 കൊട്ടാരക്കര: 66, 7766, 4051, 3715
 പുനലൂർ: 53 6689, 3458, 3224
ആകെ: 31019, 16104,14008
................................................
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരിക്കും പരീക്ഷ. പനി പരിശോധനയ്ക്കായി തെർമൽ സ്കാനർ ഒരുക്കും. സാനിട്ടൈസർ ക്രമീകരിക്കും. കൊവിഡ് ബാധിതരോ, ക്വാറന്റൈനിൽ കഴിയുന്നവരോ ഉണ്ടെങ്കിൽ അവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക മുറികൾ ഒരുക്കും
സുബിൻ പോൾ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
...................................................................................
 ഹയർ സെക്കൻഡറി എഴുതാൻ 28,790 വിദ്യാർത്ഥികൾ
ജില്ലയിൽ 28,790 വിദ്യാർത്ഥികൾ ഹയർസെക്കൻഡറി പരീക്ഷ എഴുതും; 14,462 പെൺകുട്ടികൾ, 14,328 ആൺകുട്ടികൾ. സ്കൂൾ ഗോയിംഗ് വിഭാഗത്തിൽ 25,992ഉം ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 1308ഉം പ്രൈവറ്റ് സ്റ്റഡിയായി 1490ഉം വിദ്യാർത്ഥികൾ പരീക്ഷയെഴുതും.രാവിലെ 9.45ന് പരീക്ഷ ആരംഭിക്കും. ഇന്ന് സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റം എന്നിവയാണ് വിഷയങ്ങൾ.
............................................
ചോദ്യപ്പേപ്പറുകൾ സ്കൂളുകളിൽ എത്തിച്ചു. കാമറ നിരീക്ഷണ സൗകര്യമുള്ള മുറികളിൽ നൈറ്റ് വാച്ചർമാരുടെ സംരക്ഷണയിൽ ഇവ സൂക്ഷിച്ചിട്ടുണ്ട്
പോൾ ആന്റണി, എച്ച് .എസ്.എസ് ജില്ലാ കോ- ഓർഡിനേറ്റർ