 
കൊല്ലം: എൻജിനീയറിംഗ് കോളേജ് അദ്ധ്യാപനത്തിൽ 39 വർഷവും ഇതിനിടെ പ്രിൻസിപ്പൽ പദവിയിൽ 10 വർഷവും അഭിമാനകരമായി പൂർത്തിയാക്കിയ ഡോ. ഇസഡ്.എ. സോയ നാളെ ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുന്നു.
പിതാവ് പരേതനായ അബ്ദുൽ ഖാദർ ഒരു വെല്ലുവിളിയെന്നോണമാണ് മക്കളായ സോയയെയും സമിതയെയും 1977ൽ ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിംഗിനു ചേർത്തത്. വിജയകരമായി തന്നെ ബി.ടെക് പഠനം പൂർത്തിയാക്കിയ ഇരുവരും ഗവ.എൻജിനീയറിംഗ് കോളേജിൽ അദ്ധ്യാപികമാരായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ വിഭാഗം മേധാവിമാരായി. ഡോ.സോയ ആദ്യം ജോലിയിൽ പ്രവേശിച്ചത് പാലക്കാട് എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജിലാണ്. തുടർന്ന് ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ ലക്ചററായി. പിന്നീട് മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് എം.ടെക്കും ഡോക്ടറേറ്റും നേടി. മെക്കാനിക്കൽ വിഭാഗത്തിൽ പിഎച്ച്.ഡി എടുത്ത ആദ്യ വനിത എന്ന അംഗീകാരവും സ്വന്തമാക്കി. തൃശൂർ എൻജിനീയറിംഗ് കോളേജ് അദ്ധ്യാപിക, തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ പ്രഥമ മെക്കാനിക്കൽ വിഭാഗം വനിതാ മേധാവി, കോഴിക്കോട്, പാലക്കാട് എൻജിനീയറിംഗ് കോളേജുകളിൽ പ്രിൻസിപ്പൽ, കൊച്ചി സർവകലാശാല സെനറ്റംഗം, കോഴിക്കോട് സർവകലാശാലയിൽ ഡീൻ, യു.ജി, പി.ജി ബോർഡ് ഒഫ് സ്റ്റഡീസ് ചെയർപേഴ്‌സൺ, അക്കാഡമിക് കൗൺസിൽ അംഗം, റിസർച്ച് കൗൺസിൽ അംഗം, കേരള സാങ്കേതിക സർവകലാശാലയിലെ പ്രഥമ അക്കാഡമിക് കൗൺസിൽ അംഗം, അന്താരാഷ്ട്ര കോൺഫറൻസുകളിലെ തിളക്കം എന്നിങ്ങനെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി.
കീമിൽ അർഹത നേടിയ വിദ്യാർത്ഥികളുടെ സെൻട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോസസ് പരീക്ഷണാർത്ഥത്തിൽ 2005ൽ ആദ്യമായി വികേന്ദ്രീകരിച്ചതിന്റെ ചുമതല വിജയകരമായി നിർവഹിച്ചതിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചു. 2011ൽ വളരെ വിവാദമായ നിർമൽ മാധവ് പ്രശ്‌നത്തിൽ സ്ഥിരപരിഹാരം കാണുകയും ദീർഘകാലം അടച്ചിട്ടിരുന്ന കോഴിക്കോട് ഗവ.എൻജിനീയറിംഗ് കോളേജിൽ പഠനം പുനരാരംഭിക്കാൻ വഴിയൊരുക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങൾ സോയയുടെ ഔദ്യോഗിക ജീവിതത്തിൽ വിസ്മരിക്കാനാവാത്ത അനുഭവങ്ങളാണ്.
 പെരുമൺ കോളേജിന്റെ ഐശ്വര്യം
2012ൽ പെരുമൺ കോളേജിന്റെ അമരത്തെത്തി. ലോക ബാങ്കിൽ നിന്നുള്ള 10 കോടി ചെലവഴിച്ച് നടപ്പാക്കിയ ടി.ഇ.ക്യു.ഐ.പി (ടെക്നിക്കൽ എഡ്യുക്കേഷൻ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) പെരുമൺ കോളേജിനെ മികവുറ്റ സ്ഥാപനമാക്കി. ഈ കാലയളവിൽ സ്ഥാപനത്തിലെ വിവിധ കോഴ്‌സുകൾക്ക് അക്രഡിറ്റേഷൻ നേടിയെടുക്കാൻ സാധിച്ചു. കോളേജിൽ ആദ്യമായി എൻ.സി.സി നേവൽ യൂണിറ്റ് സ്ഥാപിച്ചു. പി.കെ. ഗുരുദാസൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒന്നേ കാൽ കോടി മുതൽ മുടക്കി ആധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയം നിർമ്മിച്ചു.
 അംഗീകാരങ്ങളേറെ
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെരുമൺ കോളേജിന്റെ സംഭാവനകളും മികച്ച അക്കാഡമിക് നിലവാരങ്ങളും കണക്കിലെടുത്ത് എം.വി.ആർ ഫൗണ്ടേഷൻ സ്‌പെഷ്യൽ അവാർഡ് 2018ൽ ലഭിച്ചു. ഈ വർഷത്തെ ദേശീയ എൻജിനീയറിംഗ് ദിനത്തിൽ, സർക്കാർ സർവീസിലിരിക്കെ ജനപക്ഷം ചേർന്ന് പ്രവർത്തിക്കുകയും വിരമിച്ചതിന് ശേഷവും സജീവ ഇടപെടൽ നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കുള്ള 'കേരളകൗമുദി'യുടെ ആദരവിനും സോയ അർഹയായി. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് ബംഗളുരു റീജിയൻ ഡി.ജി.എം ആയി വിരമിച്ച ഡോ എം.എ. അസീസ് ആണ് ഭർത്താവ്. മക്കൾ: സാനിൽ (എൻജിനീയർ, കാനഡ), മകൾ: സിസ (ആർക്കിടെക്ട്, കാനഡ)