 
തഴവ: രണ്ട് മാസം കൂടി കഴിഞ്ഞാൽ കാലവർഷമെത്തും. വീണ്ടും നാടെങ്ങും വെള്ളക്കെട്ടവും ദുരിതവുമാകാതിരിക്കാൻ മുൻകരുതലുകൾ അനിവാര്യമാണ്. പാവുമ്പയിലെ ജനങ്ങളും പ്രളയത്തിന്റെ ദുരിതങ്ങൾ അനുഭവിച്ചവരാണ് ഇനി അതാവർത്തിക്കാതിരിക്കാൻ തൊടിയൂർ പാലത്തിന് തെക്കുവശം പള്ളിക്കലാറിന് കുറുകെയുള്ള തടയണ പൊളിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നൂറ് കണക്കിന് കുടുംബങ്ങൾ ആശങ്കയിൽ
വേനൽ രൂക്ഷമായ ഈ സാഹചര്യത്തിൽ പോലും തടയണയുള്ള സ്ഥലത്ത് പള്ളിക്ക ലാറ്റിൽ ഒഴുക്ക് തടസപ്പെട്ട് വെള്ളച്ചാട്ടമുണ്ടാകുന്ന സ്ഥിതിയാണ്. മഴക്കാലമെത്തിയാൽ ശൂരനാട് വടക്ക്, തഴവ പാവുമ്പ മേഖലകളിലെ നൂറ് കണക്കിന് കുടുംബങ്ങൾ വെള്ളക്കെട്ടിലാകും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ചെറുകിട ജലസേചന പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നതിനായി തടയണ നിർമ്മിക്കുവാൻ ധാരണയായത്. ഇതനുസരിച്ച് അഞ്ച് വർഷം മുൻപ് തടയണ നിർമ്മിച്ചെങ്കിലും ആറ്റിലെ ജലനിരപ്പിന് ആനുപാതികമായി നീരൊഴുക്ക് ക്രമീകരിക്കുന്നതിന് ഷട്ടർ ഉൾപ്പെടെ യാതൊരു ക്രമീകരണങ്ങളും ഇല്ല.
മന്ത്രിയ്ക്ക് കത്ത് നൽകിയിട്ടും നടപടിയില്ല
തടയണ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നിരവധി ജനകീയ സമരങ്ങൾ ഉണ്ടായെങ്കിലും ഒടുവിൽ ഘടനാ മാറ്റമെന്ന പേരിൽ തടയണയുടെ കുറച്ച് ഭാഗം മാത്രമാണ് പൊളിച്ച് നീക്കിയത്. ഇക്കഴിഞ്ഞ നവംബറിൽ തടയണ പൊളിച്ച് നീക്കുവാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.ആർ.മഹേഷ് എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിറ്റ് കത്ത് നൽകിയെങ്കിലും മാസങ്ങൾക്ക് ശേഷവും നടപടികൾ ഉണ്ടായില്ല. ശക്തമായ ഒഴുക്കുള്ള പള്ളിക്ക ലാറ്റിൽ നിന്ന് തടയണ പൊളിച്ച് നീക്കുന്നത് വേനൽകാലത്ത് പോലും ശ്രമകരമാണ്. ഉടനെ ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പാവുമ്പയിൽ ഈ വർഷവും പ്രളയം അവർത്തിക്കും.
അഞ്ച് വർഷമായി തടയണ പൊളിച്ച് നീക്കാമെന്ന് പറയുന്നതല്ലാതെ നടപടി ഇല്ല. മാസങ്ങളോളം നിലനിൽക്കുന്ന നീർക്കെട്ട് പ്രദേശത്തെ ഭൂരിഭാഗം വീടുകളുടെയും അടിത്തറ ദുർബലപ്പെടുത്തിയിരിക്കുകയാണ്. വേനൽ അവസാനിക്കുന്നതിന് മുൻപ് നടപടി ഉണ്ടായില്ലെങ്കിൽ അത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്.
പാവുമ്പസുനിൽ (മുൻ ഗ്രാമ പഞ്ചായത്ത് അംഗം)
തടയണ വന്നതോടെ പാവുമ്പയിലെ ഏക്കറുകണക്കിന് സ്ഥലം ഉപയോഗ ശൂന്യമായി. മഴക്കാലത്ത് നാട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകേണ്ടി വരുന്ന ഗതികേടിന് അടിയന്തര പരിഹാരം വേണം .
കെ.കെ.കൃഷ്ണകുമാർ (ഗ്രാമ പഞ്ചായത്ത് അംഗം )