deepak-nair-hs

കുന്നിക്കോട്: രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകാത്ത മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കുന്നിക്കോട് വൃന്ദാവനത്തിൽ വി​.ആർ. ഹരി- ശോഭമോൾ ദമ്പതികളുടെ മകൻ എച്ച്.എസ്. ദീപക് നായർ (18) ആണ് തൂങ്ങി മരിച്ചത്.

പുനലൂർ ഭാരത് മാതാ ഐ.ടി​.ഐയിലെ വിദ്യാർത്ഥിയാണ് ദീപക്. പരീക്ഷക്കാലമായതിനാൽ രക്ഷിതാക്കൾ ദീപക്കി​ന് ഫോൺ നൽകിയി​രുന്നി​ല്ല. ഇന്നലെ രാവിലെ 8ഓടെ ദീപക് തന്റെ വസ്ത്രങ്ങൾ കഴുകി​യി​ട്ട ശേഷം വീണ്ടും ഫോൺ ആവശ്യപ്പെട്ടെങ്കി​ലും കിട്ടിയില്ല. ഇതോടെ പിണങ്ങി മുറിയിൽ കയറി വാതിൽ അടച്ചു. ഏറെ നേരമായിട്ടും പുറത്തു വരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ വാതിലിൽ മുട്ടി വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സംശയം തോന്നി സമീപവാസികളെ വിളിച്ചുവരുത്തി കതക് തുറന്നപ്പോൾ ഫാനിൽ ബെഡ്ഷീറ്റ് ഉപയോഗി​ച്ച് കുരുക്കുണ്ടാക്കി​ കെട്ടിത്തൂങ്ങി​ നി​ൽക്കുന്ന നി​ലയി​ലായി​രുന്നു. ഉടൻ താഴെയിറക്കി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ദേവിക സഹോദരിയാണ്. വിളക്കുടി മുൻ ഗ്രാമപഞ്ചായത്തംഗം വി.ആർ.ജ്യോതിയുടെ സഹോദരന്റെ മകനാണ് ദീപക്.