കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരത്തെ മതിൽകെട്ടി വിഭജിക്കുന്ന എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഓപ്പൺ ഫ്ളൈ ഓവർ നിർമ്മിക്കണമെന്ന എ.എം.ആരിഫ് എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു. പാർലമെന്റിൽ നടന്ന റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയിലാണ് എം.പി ഇക്കാര്യം ഉന്നയിച്ചത്. ദക്ഷിണ കേരളത്തിലെ പ്രധാന വ്യാപാര മേഖലയാണ് കരുനാഗപ്പള്ളിയെന്നും ദേശീയപാതയ്ക്ക് ഇരുവശവും ഒരു കിലോമീറ്ററിലധികം നീളത്തിൽ വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കുന്നു. ലോക പ്രശസ്തമായ മാതാ അമൃതാനന്ദമയി മഠം കരുനാഗപ്പള്ളി നഗരത്തിനോട് ചേർന്നാണുള്ളത്. ആർട്സ് ആൻഡ് സയൻസ് കോളേജ്, ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ്, പോളിടെക്നിക് ഉൾപ്പടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സിവിൽ സ്റ്റേഷനുംതാലൂക്ക് ആശുപത്രിയുമെല്ലാം ദേശീയപാതയുടെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ബോസ്ട്രിംഗ് ആർച്ച് സ്പാൻ പാലവും അഴീക്കലിലാണ്. ഈ സാഹചര്യത്തിൽ കരുനാഗപ്പള്ളിയിൽ വാൾ എലിവേറ്റഡ് ഹൈവേ നിർമ്മിച്ചാൽ അത് നഗരത്തെ രണ്ടായീ കീറിമുറിക്കുന്നതിന് തുല്യമാണ്. അതിനാൽ, വാൾ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഓപ്പൺ ഫ്ളൈ ഓവർ നിർമ്മിക്കണമെന്നും എം. പി പ്രസംഗത്തിൽ പറഞ്ഞു.