budget

കൊല്ലം: ജില്ലാ പഞ്ചായത്ത് ഇന്ന് അവതരി​പ്പി​ക്കു ബഡ്ജറ്റിൽ ജനകീയ പദ്ധതി​കൾ ഏറെയുണ്ടാവുമെന്ന് പ്രതീക്ഷ. കാർഷിക മേഖലയുടെ പുനരുജ്ജീവനം, ദുരിതബാധിതർക്ക് ജീവനോപാധി​ ഒരുക്കൽ ഉൾപ്പെടെ നിരവധി പദ്ധതികൾ ഇടംപി​ടി​ച്ചേക്കും.

ബി.എസ് സി, ജനറൽ നഴ്‌സിംഗ് പാസായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ആശുപത്രികളിൽ രണ്ട് വർഷ നിയമനം നൽകിയ മാലാഖക്കൂട്ടം, ഐ.ടി.ഐ, ഡിപ്ലോമ, എൻജിനീയറിംഗ് പാസായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് രണ്ട് വർഷം നിയമനം നൽകിയ സ്‌കിൽടെക്, എൻട്രി ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് രണ്ട് വർഷം ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരായി നിയമനം നൽകിയ എൻട്രി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ അംഗീകൃത ഏജൻസി മുഖേന ഭവനനിർമ്മാണ സഹായം നൽകിയ സാഫല്യം, കൊവിഡ് മൂലം ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പശുവും കുട്ടിയും സൗജന്യമായി നൽകിയ കാമധേനു, പാലുത്പാദനത്തിൽ ജില്ലയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ക്ഷീരസാന്ത്വനം തുടങ്ങിയ പദ്ധതികളായിരുന്നു പോയ വർഷത്തെ നേട്ടങ്ങൾ.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഓപ്പൺ ജിംനേഷ്യങ്ങൾ, ജില്ലാ, വിക്‌ടോറിയ ആശുപത്രികളിൽ ലൈബ്രറികൾ, കുരിയോട്ടുമല ഹൈടെക് ഡയറിഫാം, അഞ്ചൽ ജില്ലാ കൃഷിഫാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഫാം ടൂറിസം, ജില്ലാ പഞ്ചായത്ത് ലേബലിൽ വെളിച്ചെണ്ണ, ഗ്രാമപ്രദേശങ്ങളിൽ ഓപ്പൺ സ്റ്റേജ്, ഫിറ്റ്‌നസ് പാർക്ക്, ഇരിപ്പിടം, പുസ്തകക്കൂട്, ബ്യൂട്ടിഫിക്കേഷൻ മുതലായ സൗകര്യങ്ങളൊരുക്കി പൊതുഇടങ്ങൾ തുടങ്ങിയവയും നടപ്പാക്കാൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു.

.........................................

കഴിഞ്ഞ ബഡ്ജറ്റിലെ നിർദേശങ്ങൾ മിക്കതും നടപ്പാക്കി. ജനങ്ങൾക്ക് ആശ്വാസകരമാകുന്നതും ജില്ലയുടെ പുരോഗതിക്ക് ഉതകുന്നതുമായ നല്ല നിർദേശങ്ങൾ പുതിയ ബഡ്ജറ്റിലുണ്ടാവും.

സാം. കെ.ഡാനിയേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്