phot
പുനലൂർ-മടത്തറ മലയോര ഹൈവേയിലെ കരവാളൂർ പിറയ്ക്കലിൽ പർശ്വഭിത്തി നിർമ്മാണം പുരോഗമിക്കുന്നു

പുനലൂർ: പുനലൂർ- മടത്തറ മലയോര ഹൈവേയിൽ കനത്ത മഴയിൽ പാതയോരം ഇടിഞ്ഞ് ഇറങ്ങിയ കരവാളൂർ പിറക്കൽ പാലത്തിന് സമീപത്തെ പാർശ്വഭിത്തി നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞ മേയ് മാസത്തിൽ പെയ്ത കനത്ത മഴയിലാണ് പാതയോരം ഇടിഞ്ഞത്. നിർമ്മാണത്തിലെ അപാകതയാണ് പാതയോരം ഇടിഞ്ഞ് ഇറങ്ങിയതിന് കാരണമെന്നാരോപിച്ച് വിവിധ സംഘടനകൾ മലയോര ഹൈവേ ഉപരോധിക്കൽ അടക്കമുളള സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

മന്ത്രിയുടെ ഇടപെടൽ

പി.എസ്.സുപാൽ എം.എൽ.എ മന്ത്രി മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് നിവേദനം നൽകി .അങ്ങനെ മന്ത്രി സ്ഥലം സന്ദർശിക്കുകയും നടപടിയെടുക്കുകയുമായിരുന്നു.

പാതയോരത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാനും സുരക്ഷ ഉറപ്പ് വരുത്താനും 46 മീറ്റർ നീളത്തിൽ പാർശ്വഭിത്തി നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് 77ലക്ഷം രൂപയുടെ അടങ്കൽ തയ്യാറാക്കി. തുടർന്ന് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി തുക അനുവദിക്കാൻ സർക്കാരിന് സമർപ്പിച്ചു. എന്നാൽ കരാറുകാരന്റെ നിർമ്മാണ ബാദ്ധ്യത കാലാവധിക്ക് മുമ്പ് ഫണ്ട് അനുവദിക്കാൻ ശ്രമിച്ചതിന് വകുപ്പ് മന്ത്രിയുടെ ശുപാർ‌ശയെ തുടന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അസി.എൻജിനീയറെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് കരാറുകാരനെ കൊണ്ട് പുതിയ കോൺക്രീറ്റ് പാർശ്വഭിത്തിയുടെ നിർമ്മാണം ആരംഭിക്കാൻ നിർദ്ദേശിച്ചത്. ബാദ്ധ്യത കാലാവധി കഴിയാത്തത് കൊണ്ട് കരാറുകാരൻ തന്നെ നിർമ്മാണ ജോലികൾ ചെയ്യണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് പണികൾ പുരോഗമിച്ച് വരുന്നത്.

തിരക്കേറിയ ഹൈവേ

കേരള റോഡ് ഫണ്ട് ബോ‌ഡിന്റെ മേൽ നോട്ടത്തിലാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നത്.പാതയോരത്ത് 22 മീറ്റർ നീളത്തിലും 8മീറ്റർ ഉയരത്തിലുമാണ് പാർശ്വഭിത്തി പണിയുന്നത്. ദീർഘദൂര കെ.എസ.ആർ.ടി.സി ബസുകൾക്ക് പുറമെ സ്വകാര്യ ബസുകൾ ഉൾപ്പെടെ ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന തിരക്കേറിയ മലയോര ഹൈവേയുടെ വശമാണ് ഇടിഞ്ഞ് ഇറങ്ങി കിടന്നത്. ഇത് വാഹന യാത്രക്കാർക്ക് പുറമെ കാൽ നടയാത്രക്കാർക്കും ഭീഷണിയായി മാറിയിരുന്നു.