
കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് വൈകുന്നത് സംസ്ഥാന സർക്കാർ അടിസ്ഥാന സൗകര്യം ഒരുക്കാത്തതു കൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കു മറുപടി നൽകി. പോർട്ടുകളിൽ എമിഗ്രേഷൻ സൗകര്യം ഏർപ്പെടുത്തി കാര്യക്ഷമമാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാന സർക്കാർ അടിസ്ഥാന സൗകര്യം സജ്ജമാക്കിയാൽ പോയിന്റ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ ബോധപൂർവ്വം അനുമതി വൈകിപ്പിക്കുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തിനിടെയാണ് പ്രതികരണം.
 എട്ട് തവണ കത്തയച്ചു, അനക്കമില്ല
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റിനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ 2019 ജൂലായ് 4, സെപ്തംബർ 6, 2020 ഒക്ടോബർ 23, 2021 ഫെബ്രുവരി 16, ഏപ്രിൽ 8, ആഗസ്റ്റ് 13, ഡിസംബർ 8, 2022 ഫെബ്രുവരി 15 തീയതികളിൽ കത്തയച്ചു. പക്ഷേ മറുപടി ഇതുവരെ അറിയിച്ചില്ല.
 അടിസ്ഥാന സൗകര്യങ്ങൾ
നിശ്ചിത അളവിലുളള 4 വീതം കൗണ്ടറുകൾ കപ്പൽ എത്തിച്ചേരുന്നിടത്തും പുറപ്പെടുന്ന സ്ഥലത്തും സ്ഥാപിക്കുക, കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കാനുളള സൗകര്യം ഒരുക്കുക, കമ്പ്യൂട്ടർ റൂം, ടോയ്‌ലെറ്റ് സൗകര്യത്തോടെയുള്ള ഡിറ്റെൻഷൻ റൂം, ഇൻചാർജ്ജ് എമിഗ്രേഷൻ ഓഫീസ്, എമിഗ്രേഷൻ ഓഫീസ് ബാക്ക് റൂം ഓപ്പറേഷൻ, ട്രെയിനിംഗ്, മീറ്റിംഗ് എന്നിവയ്ക്കുളള മൾട്ടി പർപ്പസ് റൂം, റെക്കോർഡ് റൂം, യു.പി.എസ് റൂം, യാത്രക്കാർക്ക് കൗണ്ടറിൽ എത്താനുള്ള ക്യു സൗകര്യം, എയർപോർട്ട് നിലവാരത്തിലുളള ഫർണിച്ചറുകൾ, തടസമില്ലാതെ വൈദ്യുതി, സെർവർ റൂം കൗണ്ടർ, ഇന്റർനെറ്റ്, ഉദ്യോഗസ്ഥർക്ക് താമസസൗകര്യം, സുരക്ഷയ്ക്കായി 2 ഇൻസ്‌പെക്ടർമാർ, 8 സബ് ഇൻസ്‌പെക്ടർമാർ, 4 കോൺസ്റ്റബിൾമാർ തുടങ്ങിയവയാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റുള്ള അടിസ്ഥാന സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണ്. കൊല്ലം പോർട്ടിനോടുളള സംസ്ഥാന സർക്കാരിന്റെ അവഗണനയാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ഇതിന്റെ കാരണം സംസ്ഥാന സർക്കാർ വ്യക്തമാക്കണം. 8 കത്തുകൾ നൽകിയിട്ടും അനങ്ങാതിരിക്കുന്ന സംസ്ഥാന സർക്കാർ നയം പ്രതിഷേധാർഹമാണ്
എൻ.കെ. പ്രേമചന്ദ്രൻ എം.പി