 
 യാത്രക്കാരെ തടഞ്ഞു, കടകൾ അടപ്പിച്ചു
കൊല്ലം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ജില്ലയിൽ വ്യാപകമായി വാഹനയാത്രക്കാരെ തടഞ്ഞു. തുറന്ന കടകൾ അടപ്പിച്ചത് പലേടത്തും സംഘർഷത്തിന് ഇടയാക്കി. കൊട്ടാരക്കര പുത്തൂർമുക്കിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരനെ സമരാനുകൂലികൾ മർദ്ദിച്ചു. കൊല്ലം വള്ളിക്കീഴ് സ്‌കൂളിലെത്തിയ അദ്ധ്യാപകർക്ക് നേരെ അസഭ്യ വർഷമുണ്ടായി. ഇന്നലെ കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രചാരണം ഉണ്ടായതോടെ പണിമുടക്ക് അനുകൂലികൾ കൂടുതൽ ആവേശത്തോടെ കളത്തിലിറങ്ങുകയായിരുന്നു.
ജില്ലയിൽ 90 ശതമാനത്തിലധികം ജീവനക്കാരും അദ്ധ്യാപകരും രണ്ടാം ദിനവും പണിമുടക്കി. ആദ്യ ദിവസത്തെ പോലെ ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. കളക്ടറേറ്റിൽ 235 ജീവനക്കാരുള്ളതിൽ ദുരന്ത നിവാരണ വിഭാഗത്തിലെ മൂന്നുപേർ മാത്രമാണ് ഹാജരായത്. കൊല്ലം കോർപ്പറേഷനിലെ 377 ജീവനക്കാരിൽ ഒരാൾ മാത്രം ജോലിക്കെത്തി. കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര, പരവൂർ നഗരസഭ കാര്യാലയങ്ങളും ജില്ല പഞ്ചായത്ത് കാര്യാലയവും 68 ഗ്രാമപഞ്ചായത്ത് ഓഫീസുകളും അടഞ്ഞുകിടന്നു. പി.എസ്.സി ജില്ല, മേഖല ഓഫീസുകളിലെ 94 ജീവനക്കാരിൽ 91 പേരും പണിമുടക്കി. ജില്ലയിലെ 1422 സർക്കാർ ഓഫീസുകളിൽ 1145 എണ്ണവും അടഞ്ഞുകിടന്നു. 13,871 സർക്കാർ ജീവനക്കാരിൽ 12,404 പേരും പണിമുടക്കി.
കടയ്ക്കൽ ചിതറ ഗവ.എച്ച്.എസ്.എസിൽ ജോലിക്കെത്തിയ അദ്ധ്യാപകരെ സമരാനുകൂലികൾ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് വാതിൽ തുറന്നുകൊടുത്തത്. ചിതറ പൊലീസ് പണിമുടക്ക് അനുകൂലികൾക്കെതിരെ കേസെടുത്തു.
 യാത്രക്കാരെ ഇറക്കിവിട്ടു
കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ ഇന്നലെ രാവിലെ 9 മുതൽ പണിമുടക്ക് അനുകൂലികൾ സംഘടിച്ച് വാഹനങ്ങൾ തടഞ്ഞു. ഓട്ടോറിക്ഷകളുടെ ഡ്രൈവർമാർക്ക് നേരെ അസഭ്യവർഷവും ഭീഷണിയും മുഴക്കി. ഇതിനിടെ 9.30 ഓടെ പത്തനംതിട്ടയിൽ നിന്നു കൊല്ലം ഡിപ്പോയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് കൊടികുത്തി യാത്രക്കാരെ ഇറക്കിവിട്ടു. 15 ഓളം യാത്രക്കാർ നടന്നു കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പോയി.
 നമ്മുടെ ആൾക്കാരാ!
ഹൈസ്കൂൾ ജംഗ്ഷനിൽ പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടയുന്നതിനിടെ ഒരു ഓട്ടോറിക്ഷയെത്തി. ഈ ഓട്ടോയിൽ നിന്നു രണ്ട് പേർ ഇറങ്ങി സമരക്കാരുമായി സംസാരിച്ചു. ഇതോടെ, 'കളക്ടറേറ്റിലേക്ക് പോകുന്ന നമ്മുടെ എൻ.ജി.ഒ യൂണിയൻകാരാണ്' എന്നു പറഞ്ഞ് യാത്ര അനുവദിച്ചു. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.