കൊല്ലം: സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനൊപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയ ശേഷം ശാരീരികമായി ഉപദ്രവിച്ചയാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ റെയ് മണ്ട് ജോസഫ് (41) ആണ് പിടിയിലായത്.

2017 മുതൽ ആലപ്പുഴ സ്വദേശിയായ യുവതിയെ സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് നിയമപരമായി വിവാഹം കഴിക്കാതെ ഇരവിപുരം പനമൂടുള്ള പ്രതിയുടെ വീട്ടിൽ രണ്ടര വർഷക്കാലം താമസിപ്പിച്ചു. ഈ കാലയളവിൽ യുവതിയുടെ സ്വർണവും പണവും കൈക്കലാക്കിയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ മുൻഭർത്താവിൽ നിന്ന് നാല് ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. യുവതിയുടെ പരാതിയിൽ ഇരവിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.