
കൊല്ലം: കടയ്ക്കൽ ചിതറ എച്ച്.എസ്.എസിൽ ജോലിക്കെത്തിയ അദ്ധ്യാപകരെ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടു. പൊലീസ് എത്തിയശേഷമാണ് റൂം തുറന്നത്. ഇന്നലെ രാവിലെ 10 മണിയോടെ അദ്ധ്യാപകരെത്തിയതറിഞ്ഞ് പണിമുടക്ക് അനുകൂലികൾ സംഘടിച്ച് സ്ഥലത്തെത്തി. ഹാജർ രേഖപ്പെടുത്തിയ ശേഷം 15 ഓളം അദ്ധ്യാപകർ സ്റ്റാഫ് റൂമിൽ ഇരിക്കുകയായിരുന്നു. ഇവരിൽ പലരും പ്രൊബേഷനിൽ ഉള്ളവരായിരുന്നു. ഹാജർ രേഖപ്പെടുത്തിയതിനാൽ വൈകിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് സ്റ്റാഫ് റൂം പുറത്ത് നിന്ന് പൂട്ടി. അതിനിടെ, പി.ടി.എ പ്രസിഡന്റ് സ്കൂളിലെത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മൂന്നരയ്ക്ക് ശേഷമാണ് അദ്ധ്യാപകർ വീട്ടിലേക്ക് മടങ്ങിയത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും സി.പി.എം ലോക്കൽ സെക്രട്ടറി വി. സുകു, സ്കൂൾ പി.ടി.എ പ്രസിഡന്റും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ എസ്. ഷിബുകുമാർ എന്നിവർ ഉൾപ്പെടെ 145 പേർക്കെതിരെ പ്രശ്നം സൃഷ്ടിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തതായി ചിതറ സി.ഐ അറിയിച്ചു.