life

കൊല്ലം: സ്വന്തമായി ഭൂമിയില്ലാത്തവരെ പുനരധിവസിപ്പിക്കാനുള്ള ലൈഫ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള കൊല്ലം കോർപ്പറേഷനിലെ ഭവനസമുച്ചയ നിർമ്മാണം ഉദ്ഘാടനത്തിലൊതുങ്ങി.

മുണ്ടയ്ക്കൽ കടപ്പുറത്ത് റെയിൽവേ സ്റ്റേഷൻ അലക്കുകുഴി കോളനിയിൽ താമസിപ്പിച്ചിരുന്നവരെ പുനരധിവസിപ്പിച്ചതി നോട് ചേർന്നാണ് നഗരസഭ ഫ്ലാറ്റ് സമുച്ചയം ലക്ഷ്യമിട്ടത്. ഒരു വർഷത്തിനകം സമുച്ചയം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇപ്പോൾ ഒന്നര വർഷം പിന്നിട്ടു.

പ്രദേശം സി.ആർ.ഇസഡ് സോണിലായതിനാൽ സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി നിർമ്മാണം ആരംഭിക്കാനോ പകരം പുതിയ സ്ഥലം കണ്ടെത്താനോ നഗരസഭ തയ്യാറാകുന്നില്ല. 55 സെന്റ് ഭൂമിയിൽ 32 ഫ്ലാറ്റുകളടങ്ങിയ സമുച്ചയത്തിന്റെ രൂപരേഖയാണ് നഗരസഭ തയ്യാറാക്കിയത്. ഡൽഹി ആസ്ഥാനമായ കമ്പിനി 6.30 കോടിക്കാണ് നിർമ്മാണ കരാർ ഏറ്റെടുത്തത്.


സി.ആർ.ഇസഡ് സോണിൽ നിർമ്മാണ അനുമതിയില്ല

1. നഗരസഭ കണ്ടെത്തിയ ഭൂമി സി.ആർ.ഇസഡ് സോണിലുള്ളത്

2. ഈ പ്രദേശത്ത് നിർമ്മാണ അനുമതിയില്ലാത്തതാണ് പ്രശ്നം

3. പാർപ്പിടം നിർമ്മിക്കാൻ കോർപ്പറേഷൻ പുതിയ സ്ഥലം കണ്ടെത്തിയില്ല

4. ഇതിനുവേണ്ട തുക കോർപ്പറേഷനും സംസ്ഥാന സർക്കാരിനും അതിവേഗം കണ്ടെത്താനാകില്ല

5. പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും കോർപ്പറേഷൻ തുടർനടപടി സ്വീകരിച്ചില്ല

6. 4500 ഓളം ഭൂ - ഭവന രഹിതരുടെ പട്ടികയാണ് നഗരസഭയുടെ പക്കലുള്ളത്

ആർ.പി ഫൗണ്ടേഷന്റെ സഹായം നിഷേധിച്ചു

വസൂരിച്ചിറയിൽ വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള 2.10 ഏക്കർ സ്ഥലത്ത് 200 ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനവുമായി ആർ.പി ഫൗണ്ടേഷൻ നഗരസഭയെ സമീച്ചിരുന്നതാണ്. ആർ.പി ഫൗണ്ടേഷനുമായി ആദ്യഘട്ട ചർച്ചകൾ നടത്തിയെങ്കിലും നഗരസഭാ അധികൃതർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.