 
തഴവ: തഴവ ഗ്രാമപഞ്ചായത്ത് പത്താംവാർഡിലെ പാവുമ്പ അംബേദ്കർ കോളനിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം. അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോളനി നവീകരണത്തിനായി പട്ടികജാതി വികസന വകുപ്പ് ഒരു കോടി രൂപ അനുവദിച്ചതായി സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് കോളനിയിലെ റോഡ്, നടപ്പാതകൾ, മാലിന്യനിർഗ്ഗമന സംവിധാനങ്ങൾ, ഇന്റർനെറ്റ് സൗകര്യം, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ളസൗകര്യങ്ങൾ, പൊതു സ്ഥലങ്ങളുടെയും വീടുകളുടെയും വൈദ്യുതീകരണം, സോളാർ തെരുവ് വിളക്ക് സ്ഥാപിക്കൽ, പൊതുസ്ഥലങ്ങളിലെയും വീടുകളിലെയും ഖര- മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പൊതുആസ്ഥികളുടെ അറ്റകുറ്റപ്പണികൾ, മറ്റു പൊതുവായ പശ്ചാത്തല സൗകര്യങ്ങൾ മെച്ച പ്പെടുത്തൽ, സംരക്ഷണ ഭിത്തി നിർമ്മാണം, വനിതകൾക്ക് സ്വയം തൊഴിൽ സംരഭങ്ങൾ എന്നിവ നടപ്പാക്കും. പാവുമ്പ അംബേദ്കർ കോളനിയിൽ ഇരുപത്തി ഒന്നോളം കുടുംബങ്ങളാണുള്ളത്. കുടിവെള്ള വിതരണത്തിനായി പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ സ്ഥാപിച്ച ജലസംഭരണികൾ ഉൾപ്പടെയുള്ളവ ഉപയോഗശൂന്യമാണ്.