 
5.25 കോടി രൂപയുടെ നിർമ്മാണം
കൊല്ലം: കൊട്ടാരക്കര ചന്തയുടെ ഹൈടെക് സ്വപ്നം യാഥാർത്ഥ്യമാകും. നിർമ്മാണ പ്രവർത്തനങ്ങൾ മേയ് ആദ്യവാരത്തിൽ തുടങ്ങാൻ ധാരണ. കിഫ്ബിയിൽ നിന്ന് അനുവദിച്ച 5.25 കോടി രൂപ ഉപയോഗിച്ചാണ് ഹൈടെക് മാർക്കറ്റ് നിർമ്മിക്കുന്നത്. നിർമ്മാണം തുടങ്ങുന്നതിന് മുൻപായി നിലവിലുള്ള ചന്തയുടെ പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റും. നഗരസഭ ഓഫീസിന് പിന്നിലുള്ള കാർഷിക ബാങ്ക് വക സ്ഥലത്തേക്ക് താത്കാലികമായി മാറ്റാനുള്ള ശ്രമം തുടങ്ങി. നിലവിലെ കച്ചവടക്കാർക്ക് ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെിലും ചന്ത ഹൈടെക് ആകുന്നതിന്റെ സന്തോഷത്തിലാണ് വ്യാപാരികളടക്കം എല്ലാവരും.
വാർത്ത തുണയായി
'ആഗ്രഹത്തിലൊതുങ്ങി ഹൈടെക് ചന്ത' എന്ന തലക്കെട്ടോടെ കൊട്ടാരക്കര ചന്തയുടെ ദയനീയാവസ്ഥകളും തുക അനുവദിച്ചിട്ടും നിർമ്മാണം തുടങ്ങാനാകാത്തതിന്റെ തടങ്ങളുമൊക്കെ ചൂണ്ടിക്കാട്ടി ഈ മാസം 20ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നഗരസഭ ചെയർമാൻ എ.ഷാജു മന്ത്രി കെ.എൻ.ബാലഗോപാലുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. മന്ത്രിയും നഗരസഭ ചെയർമാനും ചന്ത സന്ദർശിക്കുകയും ചെയ്തു.
ഹൈടെക് സൗകര്യങ്ങൾ
16,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിട സമുച്ചയം നിർമ്മിക്കും.
65 സ്റ്റാളുകൾ, ശീതീകരണ മുറി, ബയോ ഗ്യാസ് പ്ളാന്റ്, ടൊയ്ലറ്റുകൾ, പാർക്കിംഗ് ഏരിയ എന്നിവയൊരുക്കും.
മത്സ്യ വില്പന സ്റ്റാളുകൾ, ഉണക്കമീൻ വില്പന സ്റ്റാളുകൾ, ഇറച്ചി വില്പന സ്റ്റാളുകൾ എന്നിവ ക്രമീകരിക്കും.
പ്രിപ്പറേഷൻ റൂം, ചിൽ റൂം എന്നിവയും സജ്ജമാക്കും.
5.25 കോടി രൂപയുടെ പദ്ധതി പൂർത്തിയാകുമ്പോൾ ചന്തയുടെ ദുരിതങ്ങളൊക്കെ പഴങ്കഥയാകും.
കൊട്ടാരക്കരക്കാരുടെ പ്രധാന ആവശ്യമാണ് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മാർക്കറ്റ്. അത് യാഥാർത്ഥ്യമാകുന്നു. മത്സ്യ വില്പനയ്ക്കടക്കം വൃത്തിയും വെടിപ്പുമുള്ള സ്റ്റാളുകൾ നിർമ്മിക്കും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകും. ചന്തയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ റോഡരികിലെ മത്സ്യ വ്യാപാരങ്ങളടക്കം ചന്തയിലേക്ക് മാറും"- എ.ഷാജു, നഗരസഭ ചെയർമാൻ