 
പരവൂർ: കൊല്ലം-പരവൂർ തീരദേശ റോഡിൽ പരവൂർ മേഖലയിലെ ഒന്നര കിലോമീറ്റർ ഭാഗം കുണ്ടും കുഴിയുമായി ശോച്യാവസ്ഥയിൽ. ശക്തമായ മഴയിൽ മുക്കം പൊഴി മുറിഞ്ഞ് റോഡ് മണ്ണുമൂടി അപ്രത്യക്ഷമായിരുന്നു. നാളുകൾക്ക് ശേഷം പൊഴി നികന്നെങ്കിലും ഇവിടെ സൗകര്യപ്രദമായ പാതയില്ല.
കടൽഭിത്തി നിർമ്മാണത്തിന് പാറ കൊണ്ടുവരാൻ ചെമ്മണ്ണ് ഉപയോഗിച്ച് നിർമ്മിച്ച പാതയാണുള്ളത്. തീരദേശ റോഡിൽ ഇരവിപുരം ഭാഗത്തെ ടാറിംഗ് പൂർത്തിയായതോടെ നൂറു കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാത്തതിനാലും 12 കിലോമീറ്ററിലധികം ദൂരക്കുറവ് ഉള്ളതിനാലും വാഹനയാത്രക്കാർക്ക് തീരദേശ റോഡിനോട് താത്പര്യം ഏറെയാണ്. വർഷങ്ങൾക്ക് മുൻപ് പരവൂർ മേഖലയിൽ ടാർ ചെയ്തെങ്കിലും നിലവിൽ റോഡ് തകർന്ന അവസ്ഥയിലാണ്. മുക്കം പൊഴി മുതൽ ചീപ്പ് വരെ ഒന്നര കിലോമീറ്റർ ദൂരത്തെ ടാറിംഗ് തകർന്നതിനാൽ ഇരുചക്ര യാത്രപോലും ക്ലേശകരമാണ്.
തീരദേശ റോഡിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചതോടെ കായലും കടലും വേർതിരിക്കാൻ നിർമ്മിച്ച ചീപ്പ് പാലം അപകടാവസ്ഥയിലായി. ചീപ്പിന്റെ അറ്റകുറ്റപണിക്കായി പാറയും മറ്റും കൊണ്ട് വരുന്ന വാഹനങ്ങളും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി.
അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കണം. നിത്യവും ധാരാളം വാഹനങ്ങൾ പോകുന്നതിനാൽ തകർച്ചയിൽ നിന്ന് കരകയറാനാവാത്ത അവസ്ഥയിലാണ് റോഡ്. യാത്രക്കാർ വളരെ ബുദ്ധിമുട്ടിലാണ്
അഡ്വ. പി. ഗോപാലകൃഷ്ണൻ, ജെ.എസ്.എസ് (എസ്) സംസ്ഥാന കമ്മിറ്റി അംഗം