level-cross
ആവണീശ്വരം റെയിൽവേ ലെവൽ ക്രോസിൽ സ്ലാബുകൾ ഇളകിയും മഴവെള്ളം കെട്ടി കിടക്കുന്ന അവസ്ഥയിലും

കുന്നിക്കോട് : 'എന്നെ തല്ലണ്ടമ്മാവാ... ഞാൻ നന്നാവൂല്ല' എന്ന് പറയും പോലെയാണ് ആവണീശ്വരം റെയിൽവേ ലെവൽക്രോസിന്റെ കാര്യം. എത്ര നന്നാക്കിയാലും ശരിയാവില്ല. കഴിഞ്ഞ വർഷം നിരവധി തവണയാണ് ലെവൽക്രോസ് പൂർണമായും അടച്ചിട്ട് അറ്റകുറ്റപണികൾ നടത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് അറ്റകുറ്റ പണികൾ ചെയ്ത റെയിൽവേ പാളവും റോഡും സംഗമിക്കുന്ന ഭാഗത്തുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇളകിയും പൊന്തി നിന്നും യാത്രക്കാരുടെ നടുവൊടിക്കുകയാണ്. ഇരുചക്രവാഹന യാത്രികരാണ് അധികവും ഈ സ്ലാബുകളിൽ തട്ടി മറഞ്ഞ് വീഴുന്നത്.

അപകടം വിളിച്ച് വരുത്തുന്ന സ്ലാബുകൾ

അമിത ഭാരം കയറ്റി ഇതുവഴി കടന്ന് പോകുന്ന ടോറസ് പോലെയുള്ള കൂറ്റൻ വാഹനങ്ങളാണ് സ്ലാബുകളുടെ തകർച്ചയ്ക്ക് കാരണമെന്ന് റെയിൽവേ അധികൃതർ പറയുന്നു. എന്നാൽ സ്ലാബുകൾ സ്ഥാപിച്ചപ്പോഴും അറ്റകുറ്റപ്പണികൾ നടത്തിയപ്പോഴും മതിയായ രീതിയിലും ആഴത്തിലും ആവശ്യത്തിന് മെറ്റലുകളുപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കാത്തതാണ് തകർച്ചയ്ക്ക് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിളക്കുടി ഗ്രാമപഞ്ചായത്തിലാണ് ആവണീശ്വരം ലെവൽ ക്രോസ് .കൊല്ലം-ചെങ്കോട്ട റെയിൽവേപാതയിലെ കൊട്ടാരക്കരയുടെയും പുനലൂരിന്റെയും മദ്ധ്യേയുള്ള പ്രധാന റെയിൽവേ സ്റ്റേഷനാണിവിടം. ശബരി ബൈപ്പാസ് ഉൾപ്പെടുന്ന റോഡിൽ കുന്നിക്കോട് - പത്തനാപുരം റോഡിന്റെ കുറകേ ആവണീശ്വരത്താണ് ഈ ലെവൽ ക്രോസ് നിർമ്മിച്ചിട്ടുള്ളത്. അതിനാൽ പല വിഭാഗത്തിൽപ്പെടുന്ന നിരവധി വാഹനങ്ങളാണ് ദിനംപ്രതി ലെവൽ ക്രോസ് മുറിച്ച് കടന്ന് പോകുന്നത്.

ചാറ്റൽമഴ പെയ്താലും വെള്ളക്കെട്ട്

ചാറ്റൽമഴ പെയ്താൽ തന്നെ റെയിൽവേ പാളവും പരിസരവും വെള്ളക്കെട്ടിൽ മുങ്ങും. റെയിൽപാത വൈദ്യുതീകരിച്ചതുമായി ബന്ധപ്പെട്ട് ഉയരമുള്ള വാഹനങ്ങൾ വൈദ്യുത ലൈനിൽ തട്ടി അപകടം ഉണ്ടാകാതിരിക്കാൻ വേണ്ടി ലെവൽ ക്രോസിന്റെ ഇരുവശത്തും ഉയരഗേജും അപായസൂചിക ബോർഡുകളും സ്ഥാപിച്ചു. അതിന്റെ നിർമ്മാണത്തിനോടനുബന്ധിച്ച് കുഴികൾ എടുത്തപ്പോഴുള്ള കല്ലും മണ്ണും ഓടയിൽ വീണ് മഴവെള്ളം ഓടയിലൂടെ ഒഴുകാൻ പറ്റാതെയായി. മഴയത്ത് മണ്ണും ചെളിയും കലർന്ന വെള്ളം റെയിൽപാളത്തിലും സമീപത്തും കെട്ടിക്കിടക്കും. ലെവൽ ക്രോസ് അടയ്ക്കുമ്പോൾ ഈ അഴുക്കുവെള്ളതിലാണ്

യാത്രക്കാർ നിൽക്കുന്നത്.

മേൽപ്പാലം : ഒരു ശാശ്വത പരിഹാരം

ആവണീശ്വരത്ത് ഒരു റെയിൽവേ മേൽപ്പാലം വേണമെന്നുള്ളത് വളരെക്കാലത്തെ ആവശ്യമാണ്.കേന്ദ്ര റെയിൽവേ മന്ത്രാലയം മേൽപ്പാലം നിർമ്മിക്കാൻ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്തംബറിൽ റെയിൽവേ മധുര ഡിവിഷണൽ മാനേജറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചിരുന്നു. അന്ന് രണ്ട് മാസത്തിനകം പദ്ധതിരേഖ തയ്യാറാക്കി റെയിൽവേ മന്ത്രാലയത്തിന് കൈമാറുമെന്ന് പറഞ്ഞെങ്കിലും നാളിതുവരെ തുടർനടപടികളില്ല.