hospital
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി

തഴവ: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം കരുനാഗപ്പള്ളി നഗരസഭയ്‌ക്ക്. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്.
മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഒ.പിയുള്ള താലൂക്ക് ആശുപത്രികളിലൊന്നായ കരുനാഗപ്പള്ളിയിൽ നടപ്പിലാക്കുന്ന വികസന പദ്ധതികളും അർബൻ പി. എ.ച്ച്.സിയുടെ വിപുലീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളും ആയുർവ്വേദ, ഹോമിയോ ചികിത്സാരംഗത്തെ ഇടപെടലുകളുമാണ്

ആംഗീകാരത്തിന് കാരണമായത്. അവാർഡിന് സഹായിച്ച ആശാ - അങ്കണവാടി പ്രവർത്തകർ, താലൂക്കാശുപത്രി ജീവനക്കാർ, മറ്റു ആശുപത്രി ജീവനക്കാർ, നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ എന്നിവർക്ക് നഗരസഭാചെയർമാനും ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷ ഡോ. പി മീനയും നന്ദി പറഞ്ഞു.

തുണച്ചത് കരുതൽ

 കൊവിഡ് കാലത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനായി.

 രോഗവ്യാപനം രൂക്ഷമായ ഘട്ടത്തിൽ സാമൂഹിക അടുക്കളയുടെ പ്രവർത്തനം ഉൾപ്പെടെ വ്യാപിപ്പിച്ചു കൊണ്ട് രോഗബാധിതരായ മുഴുവൻ ആളുകളുടെയും കുടുംബങ്ങളിലേക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ നേരിട്ട് എത്തിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു.

 കോഴിക്കോട് ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററും കരുനാഗപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച നിരീക്ഷണ കേന്ദ്രവും രോഗികൾക്ക് ആശ്വാസമായി.

 താലൂക്കാശുപത്രിയിൽ 20 കിടക്കകളുള്ള ഐ.സി യൂണിറ്റ് തുടങ്ങിയതും

ജില്ലയിൽ ആദ്യമായി അന്യസംസ്ഥാന തൊഴിലാളികൾക്കായി ചികിത്സാകേന്ദ്രം ആരംഭിച്ചതും നേട്ടമായി.
 ടൗൺ ക്ലബ്ബ്, താലൂക്കാശുപത്രി എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകാൻ കഴിഞ്ഞു.

.......................................................................................................................................

താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുന്ന 69 കോടിയുടെ വികസന പദ്ധതിയുടെ ഒന്നാം ഘട്ടം അടുത്ത മാസം നാടിന് സമർപ്പിക്കാനും രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നത്. അർബൻ പി. എച്ച്. സി കെട്ടിടത്തിന്റെ നിർമ്മാണ നടപടികൾ തുടങ്ങി. അർബൻ മേഖലയിലുൾപ്പടെ പുതിയ പി.എച്ച് സബ് സെന്ററുകൾ ഉടൻ തുടങ്ങും.

കോട്ടയിൽ രാജു,

ചെയർമാൻ, നഗരസഭ.