photo
ഏരൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ച ശുചിത്വപദവി പരുസ്കാരം മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പ‌ഞ്ചായത്ത് പ്രസിഡന്റ് ടി. അജയന് കൈമാറുന്നു. പി.എസ്. സുപാൽ എം.എൽ.എ., ഡോ. ടി.എൻ. സീമ, രാധാ രാജേന്ദ്രൻ, ജി. അജിത്ത് തുടങ്ങിയവർ സമീപം

അഞ്ചൽ: ഖരമാലിന്യ സംസ്കരണത്തിൽ ഏരൂർ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏരൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത പദ്ധതി പ്രഖ്യാപനവും കിഡ്നി, കാൻസർ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്ന തൂവൽ സ്പർശത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനും ഏരൂർ മാർക്കറ്റ് ആധുനിക രീതിയിൽ നവീകരിക്കുന്നതും ഉൾപ്പെടെ നിരവധി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ഏരൂർ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ശുചിത്വമിഷന്റെ സഹായത്തോടെ 70 ലക്ഷം രൂപ മുടക്കി ഓയിൽ പാം ഫാക്ടറിവളപ്പിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് നടത്തിവരുന്ന ശ്രമങ്ങളും അഭിനന്ദനാർഹമാണ്. കൊവിഡ് വ്യാപനം തടയുന്നതിനും മാതൃകാപരമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. സമ്പൂർണ ശുചിത്വ പദവി ടി.പി.ആർ പ്രഖ്യാപനം, സംസ്ഥാന നവകേരള മിഷൻ കോ -ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ നിർവഹിച്ചു. ഹരിത കർമ്മ സേനയ്ക്കുള്ള വാഹനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ ഹരിതകമ്മസേനയെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, മറ്റ് ജനപ്രതിനിധികളായ ജി. അജിത്ത്, ഷൈൻ ബാബു, വി.രാജി , നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എസ്. ഐസക്, ശുചിത്വമിഷൻ കോർഡിനേറ്റർ സൗമ്യാ ഗോപാലകൃഷ്ണൻ, വിവിധ കക്ഷിനേത്താകളായ ഡി. വിശ്വസേനൻ, ലിജു ജമാൽ, ഏരൂർ സുഭാഷ്, ഓമന മുരളി, സന്ധ്യാബിനു തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ സ്വാഗതവും സെക്രട്ടറി എ.നൗഷാദ് നന്ദിയും പറ‌ഞ്ഞു.