vinod

കുന്നത്തൂർ : കാരാളിമുക്കിലെ മത്സ്യക്കുളത്തിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നത അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. കാരാളിമുക്ക് കണത്താർകുന്നം ഉത്രാടം വീട്ടിൽ വിനോദിനെ (40) കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ വ്യക്തിയുടെ മീൻ വളർത്തൽ കേന്ദ്രത്തിൽ ജോലിക്ക് എത്തിയതായിരുന്നു വിനോദ്. വർക്ക്ഷോപ്പ് ജോലിക്കാരനായ വിനോദ്, ജോലി കുറവായതുകൊണ്ടാണ് മീൻ വളർത്തൽ കേന്ദ്രത്തിലെത്തിയത്. ചുറ്റു വേലിയിൽ വൈദ്യുതി കടത്തിവിട്ടിരുന്ന കാര്യം വിനോദിന് അറിയില്ലായിരുന്നു. ഉടമ ഇക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു. അബദ്ധത്തിൽ വേലിയിൽ പിടിച്ചപ്പോഴാണ് വിനോദിന് ഷോക്കേറ്റത്. കുളത്തിൽ നിന്ന് മത്സ്യം മോഷണം പോകുന്നത് തടയാനാണ് ഉടമ ചുറ്റുവേലിയിൽ അനധികൃതമായി വൈദ്യുതി കടത്തിവിട്ടിരുന്നത്. ഇത് ദുരന്തത്തിന് ഇടയാക്കുമെന്ന് പ്രദേശവാസികൾ അധികൃതരെ നിരവധി തവണ അറിയിച്ചിരുന്നെങ്കിലും ഉടമയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഓഫീസിലും കെ.എസ്.ഇ.ബി.യിലും നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിനോദിന്റെ മരണത്തോടെ ഭാര്യ ശുഭ, മക്കളായ അഭിമന്യു, ധ്രുവൻ എന്നിവരടങ്ങിയ നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ് പൊലിഞ്ഞത്.