thadafavu

കൊല്ലം: ആറ് വയസുകാരിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച യുവാവിനെ ആറുമാസം തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. ചവറ ചക്കിനേഴത്ത് മുക്ക് അല്ലംമ്പാട്ടിൽ കിഴക്കതിൽ സുരേഷിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജ് ഉഷ നായർ ശിക്ഷിച്ചത്. 2018 നവംബർ 11ന് ഉച്ചയ്ക്ക് സൈക്കിളിൽ പോവുകയായിരുന്ന ആറ് വയസുകാരിയെ കൈയാട്ടി വിളിച്ച് പ്രതി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ചവറ സബ് ഇൻസ്‌പെക്ടറായിരുന്ന ബി. ഷെഫീക്കാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ ശിവപ്രസാദ് ഹാജരായി.