കൊല്ലം: കൊവിഡ് മുക്തരായവരിൽ ശ്വാസതടസം വ്യാപകമെന്ന് പഠന റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസും ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കൊവിഡ് ഭേദമായ പത്തിൽ രണ്ടുപേർക്കും കൊവിഡാനന്തര ലക്ഷണങ്ങൾ പ്രകടമായതായി പഠനഫലം വ്യക്തമാക്കുന്നു. ആകാംക്ഷ, മ്ലാനത എന്നിവയും പ്രകടമാണ്. ശലഭങ്ങൾ 2.0 എന്ന പേരിൽ 3000 എൻ.എസ്.എസ് വോളണ്ടിയർമാരും 110 പ്രോഗ്രാം ഓഫീസർമാരും ഫീൽഡ്തല സർവേ നടത്തി ഗൂഗിൾ ഫോം മുഖേനയാണ് വിവരശേഖരണം നടത്തിയത്. എൻ.എസ്.എസ് ജില്ലാ കൺവീനർ കെ.ജി പ്രകാശ്, ശലഭങ്ങൾ നോഡൽ ഓഫീസർ എസ്. ശ്രീകുമാർ എന്നിവരാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്.
കൊവിഡ് ഭേദമായ 3000 രോഗികളെയാണ് സിമ്പിൾ റാൻഡം സാപ്ലിംഗ് വഴി പഠനത്തിനായി തെരഞ്ഞെടുത്തത്. കോവിഡാനന്തര ചികിത്സയ്ക്ക് ഇ - സഞ്ജീവിനി ടെലിമെഡിസിൻ സേവനം ലഭ്യമാണ്. ഫോൺ: 0474 2740166. ദിശ 1056, 0471 2552056.