കൊല്ലം: സ്വർണ വ്യാപാര മേഖലയ്ക്ക് കേരളത്തിൽ മാത്രം ഇ- വേബിൽ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. അസോ. കൊല്ലം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
10 ഗ്രാം സ്വർണ്ണം കൈവശം കൊണ്ടുപോകുന്നതിന് ഇ വേബിൽ വേണമെന്ന നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ല. ഇത് സ്വർണ വ്യാപാര മേഖലയിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സ്വർണാഭരണങ്ങളണിയുന്ന ഉപഭോക്താക്കളെ കൂടി നികുതി ഘടനയുടെ പരിധിയിൽ കൊണ്ടുവരാനും അവരെ പരിശോധിക്കാനും ചോദ്യം ചെയ്യാനും അവസരമൊരുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 3 മുതൽ 6 വരെ മുംബയ് ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജെം ആൻഡ് ജൂവലറി ഷോയുടെ പ്രചാരണാർഥമുള്ള റോഡ് ഷോയുടെ ഉദ്ഘാടനവും ദേശീയ ഡയറക്ടർ അഡ്വ. എസ്.അബ്ദുൽ നാസർ നിർവ്വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻ വീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, വിജയ കൃഷ്ണ വിജയൻ, അബ്ദുൽസലാം അറഫ, ജില്ലാ ഭാരവാഹികളായ ശിവദാസൻ സോളാർ, വിജയൻ പുനലൂർ, ഹരിദാസ് മഹാറാണി, നൗഷാദ് പണിക്കശ്ശേരി, സജീബ് ന്യൂ ഫാഷൻ, അബ്ദുൽ മുത്തലീഫ് ചിന്നൂസ്, അഡ്വ. ഐശ്വര്യ നവാസ് എന്നിവർ സംസാരിച്ചു.