photo
പ്രതി ജമാലുദ്ദീൻ

പുനലൂർ: സ്വർണമാല പൊട്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാരും പൊലീസും ചേർന്ന് പിടി കൂടി. ഉറുകുന്ന് അണ്ടൂർപച്ച ചരുവിളപുത്തൻ വീട്ടിൽ ജമാലുദ്ദീനെ(58)യാണ് പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 2.45ഓടെ ഇടമൺ34-അയത്തിൽ റോഡിന് സമീപത്തെ വലയൽ വരമ്പിലൂടെ നടന്ന് പോയ ഇടമൺ ഉദയഗിരി സ്വദേശിനിയായ ഉഷയുടെ കഴുത്തിൽ കിടന്ന രണ്ട് പവൻ വരുന്ന മാല പൊട്ടിച്ചെടുത്ത ശേഷം പ്രതി സമീപത്തെ റബർ തോട്ടത്തിൽ ഒളിച്ചിരുന്നു. മാലയുടെ ഒരു ഭാഗം ലഭിച്ച വീട്ടമ്മയുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാർ തെന്മല പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ തെന്മല സി.ഐ.വിനോദിന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ റബർ തോട്ടത്തിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് കാട്ടിനുള്ളിൽ ഒളിപ്പിച്ച് വച്ച മാലയുടെ ശേഷിക്കുന്ന ഭാഗവും കണ്ടെടുത്തു. കഴിഞ്ഞ മാസം വാളക്കോട്ട് പശുവിനെ തീറ്റിക്കൊണ്ട് നിന്ന വീട്ടമ്മയുടെ കണ്ണിൽ ചാമ്പൽ വിതറിയ ശേഷം കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ഇന്നലെ വീണ്ടും സ്വർണമാല പൊട്ടിച്ചെടുത്തത്.