കൊല്ലം: ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകിയെന്ന പേരിൽ ഡെലിവറി ജീവനക്കാരനുനേരെ ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലെ കരാർ ജീവനക്കാരിയുടെ അതിക്രമം. ഓർഡർ ചെയ്ത ചൂടുള്ള ഭക്ഷണം ആളുകൾ നോക്കിനിൽക്കെ യുവാവിന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ സ്വിഗ്ഗ്വിയിലെ ഡെലിവറി ജീവനക്കാരനായ കിഴക്കേ കല്ലട തെക്കേമുറി കൽപ്പകവാടി സ്വദേശി സുമോദ് എസ്.ആനന്ദ് (40) കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ജില്ലാ ആശുപത്രിക്ക് സമീപത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയിലെ ലാബ് ടെക്‌നീഷ്യനാണ് അതിക്രമം കാട്ടിയതെന്ന് സുമോദ് പറഞ്ഞു. രാവിലെ 10.30 ഓടെയാണ് സംഭവം. പ്രമോദ് പറയുന്നത്: ചില്ലി ചിക്കനും പോറോട്ടയുമാണ് മുൻകൂർ പണമടച്ച് ഓർഡർ ചെയ്തത്. ലഭിച്ച ലോക്കേഷൻ പ്രകാരം പബ്ലിക് ഹെൽത്ത് ലബോറട്ടറിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിനടുത്താണ് ഭക്ഷണവുമായി എത്തിയത്. ഇക്കാര്യം പറഞ്ഞ് വിളിച്ചപ്പോൾ ഭക്ഷണം കൊണ്ടുപോയി കാട്ടിൽ കളയാൻ പറഞ്ഞ് ദേഷ്യപ്പെട്ടു. അറ്റൻഡറോട് ഓഫീസ് ചോദിച്ച് മനസിലാക്കി അവിടെ ഭക്ഷണവുമായി ചെന്നെങ്കിലും വാങ്ങാൻ തയ്യാറായില്ല. പണമടച്ചതിനാൽ ഭക്ഷണം സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് ഭക്ഷണം അവിടെ വച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ
ദേഹത്തേക്ക് എറിയുകയായിരുന്നു. രോഗികളും മറ്റും നോക്കിനിൽക്കെയായിരുന്നു ഇത്. നിലത്ത് വീണ് പാക്കറ്റ് പൊട്ടി ഭക്ഷണം പുറത്തായി. നല്ല ചൂടുള്ള ഭക്ഷണമായിരുന്നെന്നും ദേഹത്ത് കൊണ്ട് സമയത്താണ് പാക്കറ്റ് പൊട്ടിയതെങ്കിൽ പൊള്ളിയിരുന്നേനെയെന്നും സുമോദ് പറഞ്ഞു. പബ്ലിക് ലബോറട്ടറി മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. കരാർ ജീവനക്കാരിയായ ഇവർ ജോലി സംബന്ധമായ പരാതിയിൽ അന്വേഷണം നേരിടുകയാണ്.