
കൊല്ലം: ദീർഘദൂര സൈക്കിളിംഗിൽ നേട്ടവുമായി അയൽവാസികളായ സുഹൃത്തുക്കൾ. എഴുകോൺ കുഴിമതിക്കാട് കടുത്താനത്ത് കിഴക്കേ മഠത്തിൽ സുജിത്.കെ.പോറ്റിയും കുഴിമതിക്കാട് വിഷ്ണുഭവനിൽ വി.പി. അജീഷുമാണ് ഓഡക്സ് ഇന്ത്യ സംഘടിപ്പിച്ച 1200 കിലോ മീറ്റർ സൈക്കിളിംഗിൽ നേട്ടം കൊയ്തത്.
1904 മുതൽ ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാരിസൺ ഓഡക്സ് ക്ളബിന്റെ ഇന്ത്യൻ ഘടകമാണ് കൊച്ചി കാക്കനാട് നിന്ന് സൈക്കിളിംഗ് സംഘടിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട അൻപത് പേരാണ് പങ്കെടുത്തത്. 90 മണിക്കൂറിനുള്ളിൽ വിവിധ ചെക്ക് പോയിന്റുകൾ താണ്ടിയാണ് സുജിത്തും അജീഷും ജേതാക്കളായത്.
മുമ്പ് 200, 300, 400, 600 കിലോ മീറ്ററുകളുടെ റൈഡുകളിൽ ഒന്നാമത് ഫിനിഷ് ചെയ്തിട്ടുള്ളവരാണ് ഇരുവരും. കൊല്ലം അസി. ലേബർ ഓഫീസറായ സുജിത്ത് പോറ്റി എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ സെൻട്രൽ യൂണിറ്റിന്റെ സജീവ പ്രവർത്തകനാണ്. ഫ്രീലാൻസ് സോഫ്ട് വെയർ ഡെവലപ്പറാണ് വി.പി. അജീഷ്.
ലോക് ഡൗൺ സൈക്കിൾ യാത്രക്കാരനാക്കി
ലോക്ക് ഡൗൺ കാലത്ത് സൈക്കിളിലാണ് സുജിത്.കെ. പോറ്റി (40) ഓഫീസിലെത്തിയിരുന്നത്. പോക്കും വരവുമായി 44 കിലോ മീറ്ററാണ് സഞ്ചരിച്ചത്. കൊവിഡിന് ശേഷം സൈക്കിളിലുള്ള വരവ് കുറച്ചു. വീട്ടിൽ കാറുണ്ടെങ്കിലും പരമാവധി സൈക്കിൾ യാത്രയാണ് സുജിത്തിന് ഇഷ്ടം.
"
സൈക്കിൾ യാത്ര ശീലിച്ചാൽ റോഡിലെ തിരക്കും പാർക്കിംഗ് സ്ഥലത്തെ അപര്യാപ്തതയും അന്തരീക്ഷ മലിനീകരണവും കുറയും. ഇന്ധനച്ചെലവ് ലാഭിക്കുന്നതിനൊപ്പം ആരോഗ്യവും സൂക്ഷിക്കാനാവും.
സുജിത്.കെ. പോറ്റി