train

കൊല്ലം: കൊവിഡിൽ ഓട്ടം നിലച്ച ജയന്തി ജനത എക്സ്‌പ്രസ്‌ സർവീസ് പുനരാരംഭിച്ചു. സമയക്രമത്തിലെ മാറ്റത്തിന് പുറമേ മുംബയ് സി.എസ്.ടിക്ക് പകരം പൂനെ വരെയാണ് പുതിയ സർവീസ്. 16382 കന്യാകുമാരി - പൂനെ ജയന്തി ആദ്യ സർവീസ് ഇന്നലെ രാവിലെ 8.25ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ടു. ഏപ്രിൽ 1ന് രാത്രി 10.20ന് പൂനെയിലെത്തും. 16381 പൂനെ - കന്യാകുമാരി ജയന്തി ഏപ്രിൽ 1ന് പൂനെയിൽ നിന്ന് രാത്രി 11.50ന് സർവീസ് ആരംഭിച്ച് ഏപ്രിൽ 3ന് കേരളത്തിലെത്തും. കന്യാകുമാരി - പൂനെ യാത്രയിൽ ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. പൂനെ - കന്യാകുമാരി സർവീസിൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവില്ല. കന്യാകുമാരിയിലേക്കുള്ള യാത്രയിൽ തൃപ്പൂണിത്തുറ, തിരുവനന്തപുരം പേട്ട സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. പുതുക്കിയ സമയക്രമം അനുസരിച്ച് പൂനെ- കന്യാകുമാരി സർവീസ് രാവിലെ 9.25ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.

കൊവിഡിന് ശേഷം കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് ആദ്യ അൺ റിസേർവ്ഡ് കോച്ചുകളോടെ സർവീസ് ആരംഭിക്കുന്നതും ജയന്തിയാണ്. പുതിയ എൽ.എച്ച്.ബി കോച്ചുകളായാണ് സർവീസ്.