
 വഴികാട്ടിയത് കേരളകൗമുദി
കൊല്ലം: ആശ്രാമത്ത് പ്രവർത്തിക്കുന്ന ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സിദ്ധ ചികിത്സാ വിഭാഗം ആരംഭിക്കുന്നു. ഇതിനായി ബഡ്‌ജറ്റിൽ 30 ലക്ഷം രൂപ വകയിരുത്തി.
സംസ്ഥാനത്ത് കൊല്ലം ഉൾപ്പെടെ നാലു ജില്ലകളൊഴികെ ജില്ലാ ആയുർവേദ ആശുപത്രികളിൽ സിദ്ധ ചികിത്സ ലഭ്യമാണെന്നും ജില്ലയിൽ സിദ്ധ ചികിത്സയെ അവഗണിക്കുകയാണെന്നും കേരളകൗമുദി വാർത്തകളിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സിദ്ധചികിത്സാ വിഭാഗം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് സിദ്ധ ചികിത്സാ വിഭാഗം ആരംഭിക്കാനായി തുക അനുവദിച്ചത് ബഡ്‌ജറ്റിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
സഹായത്തിന് എം.പി - എം.എൽ.എ ഫണ്ട്
1. സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ പഞ്ചായത്ത് ഫണ്ടിനൊപ്പം എം.പി, എം.എൽ.എ ഫണ്ട്
2. കേരളകൗമുദി വാർത്തയെ തുടർന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും എം. മുകേഷ് എം.എൽ.എയും ഫണ്ട് അനുവദിക്കുമെന്ന് പ്രതികരിച്ചു
3. പശ്ചാത്തല വികസനത്തിന് ഈ ഫണ്ടുകൾ വിനിയോഗിക്കാനാകും
4. ഇത് ഭാവി വികസനത്തിന് സഹായകരമാകും
5. സിദ്ധവൈദ്യത്തിന്റെ പ്രചാരണത്തിന് പദ്ധതി മുതൽക്കൂട്ടാകും
ജനറൽ ഒ.പി ജനങ്ങളിലേയ്ക്ക്
മറ്റ് ജില്ലകളിലേപ്പോലെ ജില്ലാ ആശുപത്രിയിൽ സിദ്ധ വിഭാഗം ജനറൽ ഒ.പി പ്രവർത്തിക്കുന്നതോടെ പദ്ധതി ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകും. ജില്ലയിൽ സംസ്ഥാന സർക്കാരിന്റെയും ദേശീയ ആയുഷ് മിഷന്റെയും കീഴിൽ ഓരോന്നും ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ മൂന്നും ഡിസ്‌പെൻസറികൾ മാത്രമാണുള്ളത്.
സിദ്ധ ചികിത്സയുള്ള ഡിസ്‌പെൻസറികൾ
 ഗവ. സിദ്ധ ഡിസ്‌പെൻസറി, തേവലക്കര
 ആയുഷ് ഹോളിസ്റ്റിക് സെന്റർ (ദേശീയ ആയുഷ് മിഷൻ), ശാസ്താംകോട്ട
 ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) ഡിസ്‌പെൻസറി, കല്ലുവാതുക്കൽ
 എൻ.എച്ച്.എം ഡിസ്‌പെൻസറി, ചവറ തെക്കുംഭാഗം
 എൻ.എച്ച്.എം ഡിസ്‌പെൻസറി, കൊട്ടാരക്കര
""
പദ്ധതി രൂപീകരണത്തിന് സ്വാഭാവിക കാലതാമസമുണ്ടായേക്കാമെങ്കിലും സിദ്ധ വൈദ്യത്തിന്റെ സേവനം ജില്ലയിൽ ലഭ്യമാകുന്നത് പാരമ്പര്യ ചികിത്സയെ ആശ്രയിക്കുന്ന കൂടുതൽ പേർക്ക് ആശ്വാസകരമാകും.
ഡോ. വി.എ. രാഹുൽ
ജനറൽ സെക്രട്ടറി
സിദ്ധ മെഡിക്കൽ അസോ. ഒഫ് ഇന്ത്യ