കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്‌റ്റാൻഡിന് വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ വഴി തുറക്കുന്നു. ട്രാൻ.ഡിപ്പോയിലെ ജീവനക്കാരും പ്രദേശവാസികളും വ്യാപാരികളും വർഷങ്ങളായി അനുഭവിച്ചുവരുന്ന ദുരിതത്തിന്
ഇതോടെ ശാശ്വത പരിഹാരമാകും. മഴക്കാലത്ത് ബസ് ഡിപ്പോയും വർക്ക് ഷോപ്പും
പൂർണ്ണമായി വെള്ളത്തിലാകുന്ന അവസ്ഥയും മാറും. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചതായി സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു.
നഗരത്തിന്റെ ഹൃദയ ഭാഗത്താണ് കരുനാഗപ്പള്ളി ട്രാൻ. ബസ്റ്റാൻഡ് സ്ഥിതിചെയ്യുന്നത്. ശാസ്താംകോട്ട ഭാഗത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ മാർക്കറ്റ് റോഡിലൂടെയാണ് ദേശീയപാതയിലെത്തുന്നത്. കരുനാഗപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക്, ശ്രീ വിദ്യാധിരാജ കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മഴക്കാലമായാൽ ഇവിടം വെള്ളക്കെട്ടായി മാറും. ഇതോടെ വിദ്യാർത്ഥികളും കാൽനടക്കാരും ഒന്നര കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് മാർക്കറ്റിലും കോളേജിലും എത്തുന്നത്. ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. ബസ്റ്റാൻഡിന് കിഴക്കുവശമുള്ള എട്ടോളം വീടുകളും മഴക്കാലത്ത് വെള്ളത്തിന് നടുക്കാവും.
സാങ്കേതിക അനുമതി
ലഭിച്ചാൽ ഉടൻ ടെണ്ടർ
വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന നീർച്ചാൽ കോടതി വിധിയെത്തുടർന്ന് വസ്തുഉടമ അടച്ചതാണ് വെള്ളമൊഴുക്ക് തടസ്സപ്പെടാൻ കാരണം. ഇതുമായി ബന്ധപ്പെട്ട് സി.ആർ.മഹേഷ് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും, മന്ത്രിയുടെ നിർദ്ദേശാനുസരണം നാല് മാസങ്ങൾക്ക് മുമ്പ് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തു. തുടർന്ന്, പ്രശ്നത്തിന് പരിഹാരം കണ്ടെത്തി മന്ത്രിക്ക് റിപ്പോർട്ട് നൽകി.
വെള്ളക്കെട്ടാകുന്ന ഭാഗത്തു നിന്ന് കിഴക്കോട്ട് 340 മീറ്റർ നീളത്തിൽ ഓട നിർമ്മിച്ച് മഴ വെള്ളം തോട് വഴി പള്ളിക്കലാറ്റിൽ ഒഴുക്കി വിടുന്ന പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്ര് തയ്യാറാക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തു. സാങ്കേതിക അനുമതി കൂടി ലഭിച്ചാൽ ടെണ്ടർ നടപടിയിലേക്ക് കടക്കും. അടുത്ത വർഷകാലത്തിന് മുമ്പ് ജോലികൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.