thozhil

കൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ജില്ലയിൽ 97,12,734 തൊഴിൽ ദിനങ്ങൾ ലക്ഷ്യമിട്ടുള്ള കരട് ബഡ്ജറ്റ്. പദ്ധതി നടത്തിപ്പുകാരായ കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് ബഡ്ജറ്റിന് അംഗീകാരം നൽകേണ്ടത്.

ഇന്നലെ അവസാനിച്ച കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതി നടത്തിപ്പിൽ ജില്ല മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ കരട് ബഡ്ജറ്റിൽ വൻ വെട്ടിച്ചുരുക്കൽ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും പരിപാലത്തിനുമാണ് ഇത്തവണത്തെ ബഡ്ജറ്റിൽ മുൻഗണന. ഒരു ബ്ലോക്കിൽ കുറഞ്ഞത് അഞ്ഞൂറ് ഹെക്ടറെങ്കിലും വിസ്തൃതിയുള്ള നീർത്തടത്തിന്റെ നിരന്തര സംരക്ഷണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിൽ സാമൂഹിക വനവത്കരണത്തിന് ആവശ്യമായ വൃക്ഷത്തൈകളുടെ ഉത്പാദനവും ബഡ്ജറ്രിലുണ്ട്.

ഒരുകോടി തൊഴിൽ ദിനങ്ങൾ പിന്നിട്ടു

1. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലയിൽ 1.4 കോടി തൊഴിൽ ദിനങ്ങൾ

2. കഴിഞ്ഞ വർഷം 90 ലക്ഷം തൊഴിൽദിനങ്ങളുടെ കരട് ബഡ്ജറ്റാണ് സമർപ്പിച്ചത്

3. ആദ്യം അനുവദിച്ചത് 67.4 ലക്ഷം തൊഴിൽ ദിനങ്ങൾ
4. ഡിസംബറിൽ ലക്ഷ്യം കൈവരിച്ചതോടെ തൊഴിൽദിനം 79 ലക്ഷമായി ഉയർത്തി

5. അതും പൂർത്തിയാക്കിയതോടെ 95 ലക്ഷമായി ഉയർത്തി

6. ഇന്നലെ തൊഴിൽ ദിനങ്ങൾ 1.4 കോടിയിലെത്തി

വേതന വിതരണത്തിൽ വേർതിരിവില്ല

ഇത്തവണ എസ്.സി, ജനറൽ വിഭാഗങ്ങൾക്ക് ഒരുമിച്ച് വേതനം നൽകാൻ തീരുമാനമായി. കഴിഞ്ഞതവണ കേന്ദ്രസർക്കാർ എസ്.സി വിഭാഗത്തിനുള്ള വേതനം പ്രത്യേക അക്കൗണ്ടിൽ നിന്നാണ് നൽകിയത്. അതുകൊണ്ട് തന്നെ ഇവർക്കുള്ള വേതനം കിട്ടാൻ കാലതാമാസം നേരിട്ടിരുന്നു.

ജില്ലയിൽ തൊഴിൽ കാർഡുള്ളവർ: 4.14 ലക്ഷം

കഴിഞ്ഞവർഷം തൊഴിൽ ലഭിച്ചത്: 1.68 ലക്ഷം പേർക്ക്

നൂറ് തൊഴിൽദിനം ലഭിച്ചത്: 57,000 പേർക്ക്

'' കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കരട് ബഡ്ജറ്റ് പരിശോധിച്ച് അന്തിമമാക്കും. കരട് ബഡ്ജറ്റിൽ കാര്യമായ കുറവ് വരുത്താതെ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തൊഴിൽ ദിനങ്ങൾ അനുവദിക്കുമെന്നാണ് പ്രതീക്ഷ. തൊഴിലുറപ്പ് പദ്ധതി ജില്ലാ അധികൃതർ