കൊല്ലം: കൊല്ലം ബീച്ച് റോഡിലെ കൊച്ചുപിലാംമൂട് പാലം നവീകരണത്തിനായി ഇന്നലെ അടച്ചതോടെ നഗരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊല്ലം എസ്.എം.പി റെയിൽവേ ഗേറ്റ്, ചിന്നക്കട റൗണ്ട്, മെയിൻ റോഡ്, പായിക്കട റോഡ്, എസ്.എൻ കോളേജ് റെയിൽവേ ഗേറ്റ് എന്നിവിടങ്ങളിലാണ് തിരക്ക് വർദ്ധിച്ചത്. കമ്മിഷണർ ഓഫീസ് ആർ.ഒ.ബി, കൊച്ചുപിലാംമൂട് പാലം വഴി സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കൂട്ടത്തോടെ ഇവിടങ്ങളിലെത്തിയതാണ് തിരക്കു കൂട്ടിയത്.
ബീച്ച് പരിസരം, പള്ളിത്തോട്ടം എന്നിവിടങ്ങളിൽ എത്തുന്നതിന് പുറമേ കൊട്ടിയം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് ചിന്നക്കട, ഹൈസ്കൂൾ ജംഗ്ഷൻ, കച്ചേരി എന്നിവിടങ്ങളിലെ കുരുക്കിൽപ്പെടാതെ ചവറ ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയായിരുന്നു കൊച്ചുപിലാംമൂട് പാലം. ഇത് അടഞ്ഞതോടെ ചവറ ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂർണമായും ചിന്നക്കട വഴിയായി. പള്ളിത്തോട്ടം, ബീച്ച് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ എസ്.എൻ കോളേജ് ഗേറ്റ്, എസ്.എം.പി ഗേറ്റ്, ബെൻസിഗർ- താമരക്കുളം റോഡ്, മെയിൻ റോഡ് എന്നിവിടങ്ങളിൽ കൂട്ടത്തോടെയെത്തി തിങ്ങി ഞെരുങ്ങുകയാണ്.
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിക്കുഴിച്ച ബെൻസിഗർ- താമരക്കുളം റോഡ് റീ ടാർ ചെയ്യാത്തത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. റോഡിലെ കുണ്ടിലും കുഴിയിലും വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങൾ കൂട്ടത്തോടെ എത്തുമ്പോൾ വെട്ടിപ്പൊളിച്ച ഭാഗത്ത് നിന്നുയരുന്ന പൊടിപടലം സമീപത്തെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. ഇടയ്ക്ക് നനയ്ക്കുന്നുണ്ടെങ്കിലും കടുത്ത ചൂടുകാരണം മണിക്കൂറുകൾക്കുള്ളിൽ വരണ്ടുണങ്ങി പൊടി ഉയരും.
13ന് തുറക്കും
കൊച്ചുപിലാംമൂട് പാലം അറ്റകുറ്റപ്പണിക്ക് ശേഷം 13ന് തുറക്കും. ഇളകി മാറിയ എക്സ്പാൻഷൻ ജോയിന്റ് ഉറപ്പിക്കുന്ന ജോലികൾക്കാണ് പാലം അടച്ചത്. ജോയിന്റുകൾ ഇളകി ഗതാഗതം ദുഷ്കരമായ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി വേണ്ടിവന്നത്. റെയിൽവേ ഓവർബ്രിഡ്ജിനൊപ്പം കൊച്ചുപിലാംമൂട് പാലവും അടച്ച് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ എതിർപ്പു കാരണം മാറ്റി വയ്ക്കുകയായിരുന്നു. കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് തുറന്നത്.