budget

ശാസ്താംകോട്ട : കാർഷിക മേഖലയ്ക്കും അംഗനവാടികളുടെ വികസനത്തിനും ഊന്നൽ നൽകുന്ന ബഡ്ജറ്റ് ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ചു. 36.03 കോടിയുടെ വരവും 35.7 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജയകുമാർ ആണ് അവതരിപ്പിച്ചത്. പ്രസിഡന്റ് ആർ. ഗീത അദ്ധ്യക്ഷയായി.

കാർഷിക മേഖലയുടെ വികസനത്തിന് 1.69 കോടിയും പാർപ്പിട മേഖലയ്ക്ക് 8 കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തി. കുടി വെള്ളത്തിന് 6.5 ലക്ഷം, ചെറുകിട വ്യവസായ മേഖലയ്ക്ക് 39 ലക്ഷം, മൃഗ സംരക്ഷണം, ക്ഷീരവികസനത്തിന് 62 ലക്ഷം, ഗതാഗതത്തിന് 58 ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്ക് 40 ലക്ഷം, വൃദ്ധജനങ്ങളുടെ ക്ഷേമവും പാലിയേറ്റീവ് കെയർ അതിജീവനം പദ്ധതിക്ക് 3 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 60 ലക്ഷം, സ്ത്രീ ശാക്തീകരണ പദ്ധതികൾക്ക് 15 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 1 കോടി 25 ലക്ഷം, അംഗൻവാടികൾ, ശിശു സൗഹൃദ പദ്ധതികൾക്ക് 2 കോടി, ശുചിത്വ മേഖലയ്ക്ക് 30 ലക്ഷം, തൊഴിൽ ഉറപ്പ് മേഖലയ്ക്ക് 7 കോടി, കായികം, കല, സംസ്ക്കാരം എന്നിവയ്ക്ക് 23 ലക്ഷം, വൈദ്യുതീകരണം, തെരുവ് വിളക്കിന് 38 ലക്ഷം, ടൂറിസത്തിന് 25 ലക്ഷം, സാമൂഹ്യ പെൻഷൻ, വിവാഹ ധനസഹായം, തൊഴിൽ രഹിത വേതനം എന്നിവക്കായി 7 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.

കൂടാതെ കുട്ടികളുടെയും ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും ഉന്നമനത്തിനായുള്ള പദ്ധതികൾക്കും മത്സ്യബന്ധന മേഖയ്ക്ക് വേണ്ടിയും ബഡ്ജറ്റിൽ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.

യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷാകുമാരി, അനിൽ തുമ്പോടൻ, എ.സജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി രാജൻ ആചാരി, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.