കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിലേക്ക് എ.ഐ.ടി.യു.സിയും ഐ.എൻ.ടി.യു.സിയും മാർച്ച് നടത്തിയത് സംഘർഷത്തിലെത്തി. പൊലീസുമായി നടന്ന ഉന്തിലും തള്ളിലും സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്.ഷാജിയ്ക്ക് പരിക്കേറ്റ് ബോധക്ഷയമുണ്ടായി. ഷാജിയെ ശ്രമകരമായിട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ 11 നാണ് നഗരസഭയിലേക്കുള്ള പ്രതിഷേധ പരിപാടികൾ തുടങ്ങിയത്. തെരുവോര കച്ചവട സമിതി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി തർക്കം നിലനിൽക്കുകയാണ്. സി.ഐ.ടി.യു പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി സമിതി പുന:സംഘടിപ്പിക്കുന്നതനെതിരെയാണ് എ.ഐ.ടി.യു.സി അന്നുമുതൽ സമരരംഗത്തുള്ളത്. ഇന്നലെ എ.ഐ.ടി.യു.സിയുടെയും സി.പി.ഐയുടെയും പ്രവർത്തകർ സംഘടിച്ചാണ് നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് ശേഷം ധർണ നടക്കുന്നതിനിടെ നഗരസഭ ചെയർമാൻ എ.ഷാജു ഇതിനിടയിലൂടെ കടന്നുപോയതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.

പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോഴാണ് ഐ.എൻ.ടി.യു.സി പ്രവർത്തകർ പ്രകടനമായെത്തിയത്. പൊലീസിനെ തള്ളിമാറ്റി അകത്തേക്ക് കടക്കാൻ ശ്രമിച്ച ഐ.എൻ.ടി.യു.സി പ്രവർത്തകരെ പൊലീസ് തടഞ്ഞു. പരിക്കേറ്റ് നിലത്തുവീണ കോൺഗ്രസ് നേതാവ് നെൽസൺ തോമസിനെ പൊലീസ് മർദ്ദിച്ചു. തടയാനെത്തിയ വനിതാ കൗൺസിലർ പവിജാ പത്മനും പരിക്കേറ്റു. ഏറെ നേരത്തെ സംഘർഷത്തിന് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ആശുപത്രിയിൽ കഴിയുന്ന എ.എസ്.ഷാജിയെ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ സന്ദർശിച്ചു.

ധർണ നടത്തി

എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഡി.രാമകൃഷ്ണപിള്ള, ജി.ആർ.സുരേഷ്, മാധവൻ നായർ, പ്രശാന്ത് കാവുവിള, എം.സുരേന്ദ്രൻ, ജോബിൻ ജേക്കബ്, മൈലം ബാലൻ, തോപ്പിൽ സലീം, ഹബീബ് എന്നിവർ സംസാരിച്ചു.